newsdesk
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ താമരശ്ശേരി പൊലീസിനെതിരെ പരാതിയുമായി കുടുംബം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂഴിക്കൽ സ്വദേശി ഹർഷാദിനെ തട്ടിക്കൊണ്ടുപോയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും പരാതിയിൽ നടപടിയെടുത്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
തട്ടിക്കൊണ്ടുപോയ സംഘം 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും തട്ടിക്കൊണ്ടുപോയ ഹർഷാദിനെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൊബൈൽ ഷോപ്പ് ഉടമയാണ് ഹർഷദ്. സാമ്പത്തിക ഇടപാടിനെ തുടർന്നാണ് ഹർഷദിനെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. ഇയാളുടെ കാർ കണ്ടെത്തിയിരുന്നു. കാറിന്റെ മുൻഗ്ലാസ് തകർത്ത നിലയിലായിരുന്നു. കാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചവർ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം വ്യക്തമാക്കി. പൊലീസിന്റെ ഭാഗത്ത് നിന്ന് അന്വേഷിക്കുന്നുണ്ട് എന്ന മറുപടിയാണ് ലഭിച്ചത്. ആരോ വിളിച്ചതിനെ തുടർന്നാണ് ഹർഷദ് വീട്ടിൽ നിന്ന് പുറത്തേക്ക് പോയതെന്ന് ഭാര്യ പറയുന്നു. സാമ്പത്തിക ഇടപാടുകളൊന്നും ഉള്ളതായി അറിയില്ലെന്നും കുടുംബം പറഞ്ഞു.