
News Desk
തമിഴ്നാട്ടിൽ ഏഴ് വയസ്സുകാരനെ അമ്മയും ചെറിയമ്മമാരും ചേർന്ന് അടിച്ചുകൊന്നു. സംഭവത്തിൽ മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി അപസ്മാര ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് കുട്ടിയിൽ ബാധ കയറിയെന്ന് ആരോപിച്ച് അത് ഒഴിപ്പിക്കാനാണ് സ്ത്രീകൾ മർദ്ദിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
തിരുവണ്ണാമലയിലെ ആർനിയിലാണ് സംഭവം. അമ്മ തിലകവതിയും ചെറിയമ്മമാരായ ഭാഗ്യലക്ഷ്മിയും കവിതയും ചേർന്ന് 7 വയസ്സുള്ള ശബരി എന്ന കുട്ടിയെ മൃഗീയമായി തല്ലുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തിയപ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു. സ്ത്രീകൾ കുട്ടിക്ക് ചുറ്റും നിൽക്കുന്നുണ്ടായിരുന്നു. കുട്ടിയ്ക്ക് വെള്ളം നൽകി പൊലീസ് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പൊലീസ് എത്തുന്നതിനു മുൻപ് തന്നെ കുട്ടി മരിച്ചു എന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച രാത്രി കുട്ടിയെ അമ്മയും ചെറിയമ്മമാരും ചേർന്ന് ബാധ ഒഴിപ്പിക്കാനായി മന്ത്രവാദിയുടെ അടുക്കൽ കൊണ്ടുപോയിരുന്നു. പോകുന്നതിനിടെ കുട്ടിക്ക് അപസ്മാരം ഉണ്ടായി. ഇത് കണ്ട സ്ത്രീകൾ കുട്ടിക്ക് ബാധ കയറിയെന്ന് തെറ്റിദ്ധരിക്കുകയും ശബരിയെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. വഴിയാത്രക്കാരിൽ ചിലർ ഇത് ചോദ്യം ചെയ്തെങ്കിലും സ്ത്രീകൾ അവരെ ചീത്തവിളിച്ച് തുരത്തി.
അതേസമയം, തങ്ങൾ മകനെ മർദ്ദിച്ചിട്ടില്ലെന്നും അപസ്മാരം ബാധിച്ച് കുട്ടി മരിക്കുകയായിരുന്നു എന്നുമാണ് മാതാവ് തിലകവതി പറയുന്നത്.
