ഹമാസ് ഭീകരാക്രമണത്തിനും ഇസ്രയേൽ തിരിച്ചടിക്കും ന്യായീകരണമില്ലെന്ന് തരൂർ

newsdesk

കോഴിക്കോട്: ഭീകരർ ഇസ്രായേലിലെ സാധാരണക്കാരെ കൊന്നതും ഇതിനെതിരായ ഇസ്രായേലിന്റെ മൃഗീയമായ പ്രത്യാക്രമണവും ന്യായീകരണമില്ലാത്തതാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പി. മുസ്ലീംലീഗ് കോഴിക്കോട് കടപ്പുറത്ത് നടത്തിയ പാലസ്തീൻ ഐക്യദാർഢ്യ മനുഷ്യാവകാശ സംരക്ഷണ മഹാറാലിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യാവകാശത്തിന് മേലുള്ള ഏറ്റവും വലിയ ദുരന്തമാണ് കഴിഞ്ഞ ദിവസങ്ങളിലായി ലോകം കാണുന്നത്. സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പടെ ആയിരക്കണക്കിന് നിരപരാധികളാണ് കൊല്ലപ്പെട്ടത്. ആദ്യം ഇസ്രായേലിലും പിന്നെ ഗാസയിലും ജനങ്ങൾ കൊല്ലപ്പെട്ടതിൽ ഒരു തരത്തിലുള്ള ന്യായീകരണവും നിലനിൽക്കില്ല. യുദ്ധം നിറുത്തുകയാണ് വേണ്ടത്. മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയാണ്.ഒക്ടോബർ ഏഴിന് ഭീകരർ ഇസ്രായേലിനെ ആക്രമിക്കുകയും 1400 പേരെ കൊല്ലുകയും 200 പേരെ ബന്ദിയാക്കുകയും ചെയ്തു. അതിന്റെ മറുപടിയായി ഇസ്രായേൽ ഗാസയിൽ നടത്തിയ ബോംബാക്രമണത്തിൽ 6000 പേരെ കൊന്നു. ആക്രമണം നിറുത്തിയിട്ടുമില്ല. മാത്രമല്ല ഗാസയിലേക്കുള്ള ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യുതി എന്നിവയെല്ലാം തടഞ്ഞു. നിരപരാധികൾ ദിവസവും മരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ഏജൻസികൾക്ക് പോലും പ്രവർത്തിക്കാൻ സാധിക്കുന്നില്ല. ഇസ്രായേലിൽ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ ഭീകരർ കൊന്നപ്പോൾ ലോകം അതിനെ അപലപിച്ചു. അതേ കുറ്റം ഇസ്രായേൽ ചെയ്യുമ്പോൾ അതിനെയും തള്ളിപ്പറയണം.ബോംബ് വീഴുന്നത്മതം ചോദിച്ചിട്ടല്ല
മഹാറാലി നടത്തുമ്പോൾ അത് മുസ്ലീം വിഷയമല്ല മറിച്ച് മനുഷ്യാവകാശത്തിന്റെ പ്രശ്നമാണ്. പാലസ്തീന് വേണ്ടി നടക്കുന്ന ഏറ്റവും വലിയ റാലിയാണ് കോഴിക്കോട് നടക്കുന്നത്. ലീഗ് റാലി മുസ്ലീം വിഷയം മാത്രമാണെന്ന് കരുതരുത്. ഇത് മനുഷ്യാവകാശത്തിന്റെ വിഷയമാണ്. ബോംബ് വീഴുന്നത് ആരുടെയും മതം ചോദിച്ചിട്ടല്ലെന്നും തരൂർ പറഞ്ഞു.

error: Content is protected !!