
Web Desk
കൊച്ചി മെട്രോയ്ക്കു ഓണ സമ്മാനം. നാലു വർഷമായി കാത്തിരിക്കുന്ന കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണത്തിന് ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കുന്നു. ഇതിനൊപ്പം പേട്ടയിൽ നിന്നു മെട്രോ തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷനിലേക്കു സർവീസ് ആരംഭിക്കുന്നു. വൈകിട്ട് 6നു സിയാൽ കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം നടന്നാലുടൻ രാജനഗരിയിലേക്കു മെട്രോ സർവീസ് ആരംഭിക്കും. കൊച്ചി മെട്രോ ഓടുന്ന ദൂരം ഇതോടെ 27 കിലോമീറ്ററാകും. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നിന്നു കാക്കനാട് ഇൻഫോപാർക്കിലേക്കുള്ള മെട്രോ രണ്ടാംഘട്ടത്തിന്റെ നിർമാണോദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുമെന്ന വാർത്ത അപ്രതീക്ഷിതമായിരുന്നു. 2021 കേന്ദ്ര ബജറ്റിൽ തുക വകയിരുത്തിയെങ്കിലും ഇതുവരെ പദ്ധതിക്കു കേന്ദ്ര മന്ത്രിസഭ നിർമാണാനുമതി നൽകിയിട്ടില്ല. ഇപ്പോഴും അനുമതി ലഭിച്ചിട്ടില്ല. എന്നാൽ 3 വർഷം മുൻപുതന്നെ മന്ത്രിസഭാ പരിഗണനയ്ക്കുള്ള കുറിപ്പുവരെ തയാറായ പദ്ധതിയാണിത്. അങ്ങനെ അനിശ്ചിതത്വത്തിലായ പദ്ധതിക്കാണു പെട്ടെന്നു ചിറകുമുളയ്ക്കുന്നത്. മെട്രോ രണ്ടാംഘട്ടത്തിന്റെ പ്രാരംഭ ഒരുക്കങ്ങൾ 75% പൂർത്തിയായി. കൊച്ചി മെട്രോയുടെ ഒന്നാംഘട്ടം ആലുവയിൽ നിന്നു തൃപ്പൂണിത്തുറ പേട്ട വരെയാണെങ്കിലും അതിന് അനുബന്ധമായി പേട്ടയിൽ നിന്നു തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷൻ വരെ ഒന്നര കിലോമീറ്ററോളം ദൂരത്തിൽ നിർമിച്ച ലൈനാണ് ഇന്നു കമ്മിഷൻ ചെയ്യുന്നത്. വടക്കേക്കോട്ട, എസ്എൻ ജംക്‌ഷൻ സ്റ്റേഷനുകൾ ഉൾപ്പെടുന്ന ലൈനാണിത്. ഇതോടെ തൃപ്പൂണിത്തുറ നഗര കേന്ദ്രത്തിൽ നിന്നു തന്നെ മെട്രോ യാത്ര ആരംഭിക്കാം. എസ്എൻ ജംക്‌ഷനിൽ നിന്നു തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിലേക്കുള്ള ലൈനിന്റെ നിർമാണം നടക്കുന്നു. ഡിസംബറിൽ പൂർത്തിയാവും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മേയർ എം. അനിൽകുമാർ, ഹൈബി ഇൗഡൻ എംപി, മന്ത്രിമാരായ പി. രാജീവ്, ആന്റണി രാജു തുടങ്ങിയവർ പങ്കെടുക്കും.
