
Web Desk
ആലുവ, ഓണം എത്തിയതോടെ നഗരത്തിലെ വഴിയോരങ്ങളിൽ വസന്തഭംഗി ഒരുക്കി ഇതര സംസ്ഥാന കുടുംബങ്ങൾ. കോയമ്പത്തൂർ, ധർമപുരി, മധുര, സേലം, ദിണ്ടിഗൽ, മൈസൂരു എന്നിവിടങ്ങളിൽ നിന്നുള്ളവരാണു പൂക്കച്ചവടത്തിനു കുടുംബസമേതം എത്തിയിരിക്കുന്നത്. ഇവർക്കു ലോഡ് കണക്കിനു പൂക്കളാണ് ദിവസവും നാട്ടിൽ നിന്നു വരുന്നത്. ചെണ്ടുമല്ലി, വാടാമല്ലി, സാമന്തി, അരളി പൂക്കളാണ് കൂടുതൽ. കിലോഗ്രാമിനു 150 മുതൽ 500 രൂപ വരെയാണ് ഇപ്പോഴത്തെ വില. ഓഫിസുകളിലും ക്ലബ്ബുകളിലും മറ്റും പൂക്കള മത്സരങ്ങൾ ആരംഭിക്കുന്നതോടെ ഇതിൽ വ്യത്യാസം വരും. മിക്ക കച്ചവടക്കാരും പ്രതിദിനം ശരാശരി 50 കിലോഗ്രാം പൂ വിൽക്കുന്നു. നഗരത്തിലെ സ്ഥിരം പൂക്കച്ചവടക്കാരും വൈവിധ്യമുള്ള പൂക്കളുമായി രംഗത്തുണ്ട്.
