
WebDesk
വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ വിഷയത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. താന്‍ ആദരിച്ചത് നന്ദകുമാറിന്റെ അമ്മയെ ആണെന്ന് അറിയില്ലായിരുന്നുവെന്നും എം ബി മുരളി വിളിച്ചിട്ടാണ് വെണ്ണലയില്‍ പോയതെന്നും ഇ പി മാധ്യമങ്ങളോട് പ്രതികരിച്ചു.
‘ഒരു വിവാഹ സത്ക്കാരത്തിന്റെ ഭാഗമായിട്ട് 19ാം തീയതിയാണ് കോഴിക്കോട്ടേക്ക് പോകുന്നത്. 20ന് ഞാന്‍ ഇവിടെയുണ്ട്. 21ന് കണ്ണൂരില്‍ നിന്ന് ഒരു ആശുപത്രി സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയിലേക്ക് പോയി. തിരിച്ച് മൂന്ന് മണിക്ക് തിരിച്ചുവരാന്‍ ടിക്കറ്റും ബുക്ക് ചെയ്തു. ആശുപത്രിയില്‍ നിന്ന് മടങ്ങും വഴിയാണ് എം ബി മുരളീധരന്‍ വിളിക്കുന്നത്.
കൊച്ചിയിലുണ്ടെന്ന വിവരമറിഞ്ഞ് അദ്ദേഹമാണ് വെണ്ണലയിലേക്ക് ക്ഷണിച്ചത്. ക്ഷേത്രത്തിലേക്കായിരുന്നു ക്ഷണം. അദ്ദേഹത്തിന്റെ ക്ഷണ പ്രകാരമാണ് അവിടെ പോയത്. അവിടെയെത്തിയപ്പോഴാണ് പ്രായമായ ഒരമ്മയെ ആദരിക്കണമെന്ന് അവരാവശ്യപ്പെട്ടത്. ഷാളും അവര്‍ തന്നെ തന്നു. പല ആളുകളും അവിടെയുണ്ടായിരുന്നു. പോകാന്‍ തുടങ്ങിയപ്പോഴാണ് ഭക്ഷണം കഴിക്കണമെന്ന് ആവശ്യപ്പെട്ടത്. എട്ടോ പത്തോ പേരാണ് ആകെ അവിടെയുണ്ടായിരുന്നത്. നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ഒരു പരിപാടി മുന്‍പ് നടന്നിരുന്നു. അല്ലാതെ ഈ യാത്രയില്‍ വച്ചല്ല അതൊന്നും നടന്നത്. താന്‍ ആദരിച്ചത് നന്ദകുമാറിന്റെ അമ്മയെ ആണെന്ന് അറിയില്ലായിരുന്നുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
താന്‍ വിളിച്ചിട്ടാണ് ഇ.പി.ജയരാജന്‍ ക്ഷേത്രത്തില്‍ വന്നതെന്ന് എം.ബി.മുരളീധരനും വ്യക്തമാക്കി. ക്ഷേത്രത്തിലെ ഉത്സവ സംഘാടക സമിതി അംഗമാണ് താന്‍. കെ.വി.തോമസും എത്തുന്നുണ്ടെന്നറിയിച്ചതോടെയാണ് വരാന്‍ തയ്യാറായത്. നന്ദകുമാര്‍ ക്ഷണിച്ചിട്ടില്ല, നേരിട്ട് ബന്ധമില്ല. ഇ.പി.ജയരാജന്‍ നന്ദകുമാറിന്റെ അമ്മയ്ക്ക് പൊന്നാടയണിയിച്ചത് തങ്ങള്‍ പൊന്നാട എടുത്ത് നല്കിയതുകൊണ്ട് മാത്രമാണ്. നന്ദകുമാറിന്റെ അമ്മയെന്ന് അറിഞ്ഞ് ചെയ്തതല്ലെന്നും എം.ബി.മുരളീധരന്‍ പറഞ്ഞു.
