
newsdesk
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടി അവധി അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുസംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി.
സ്വന്തം ജില്ലക്ക് പുറത്ത് ജോലി ചെയ്യുന്നവർക്കു വോട്ട് ചെയ്യാനുള്ള പ്രത്യേക അനുമതി നല്‍കണമെന്നും, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവർക്ക് പഞ്ചായത്ത്-മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായുള്ള അവധി വേതനത്തോടെ നല്‍കണമെന്നുമാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. അവധിയെടുക്കുന്ന വ്യക്തികളുടെ വേതനം നിഷേധിക്കാൻ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബർ 9നും തൃശൂർ , പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഡിസംബർ 11 ന് വോട്ടെടുപ്പ് നടക്കും. ഡിസംബർ 13 നാണ് വോട്ടെണ്ണൽ. സംസ്ഥാനത്ത് ഡ്രൈ ഡേ സംബന്ധിച്ച ഉത്തരവുകള്‍ മുൻകൂട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ജില്ലകളില്‍ ഡിസംബർ 7 ന് വൈകീട്ട് 6 മുതല്‍ 9 വരെയും വടക്കൻ ജില്ലകളില്‍ ഡിസംബർ 9, 11 ന്ന് വൈകീട്ട് 6 മുതല്‍ 11 വരെയും മദ്യനിരോധനം നടപ്പാക്കും. വോട്ടെണ്ണല്‍ ദിനമായ 13-ന് സംസ്ഥാനത്താകെ ഡ്രൈ ഡേ ഉണ്ടാകും.
