Site icon CTV Online

കേരളത്തിൽ പ്രഖ്യാപിച്ച സ്ഥാനാർഥികളിൽ ഏറ്റവും പ്രായം കുറഞ്ഞവനിതാ സ്ഥാനാർത്ഥി ദേ നമ്മുടെ മുക്കത്തുണ്ട്

മുക്കം : തദ്ദേശ തെരഞ്ഞെടുപ്പിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ സ്ഥാനാർഥി ലിസ്റ്റിൽ ഇടം നേടി ഒരു ഇരുപത്തൊന്നുകാരിയും. മുക്കത്ത് സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിൽ ഡി സി എ കോഴ്സിന് പഠിച്ചുകൊണ്ടിരിക്കുന്ന സിസിന പ്രവീൺ ലാൽ ആണ് കൊടിയത്തൂർ പഞ്ചായത്ത് വാർഡ് 10 ഉച്ചക്കാവിൽ ഇടതു സ്ഥാനാർത്ഥിയായി മത്സര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഇത്തവണ കൊടിയത്തൂരിൽ പ്രസിഡന്റ് പദവിയിൽ പട്ടികജാതി വനിതാ സംവരണമായതിനാൽ സിസിനയുടെ സ്ഥാനാർഥി നിർണയത്തിന് ഏറെ പ്രത്യേകതയുണ്ട്.

കേരളത്തിൽ പ്രഖ്യാപിച്ച സ്ഥാനാർഥികളിൽ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ് സിസിന. മലപ്പുറം ജില്ലയിലെ തച്ചണ്ണ സ്വദേശിയായ സിസിനയെ രണ്ടുവർഷം മുൻപാണ് പരപ്പിൽ സ്വദേശിയായ പ്രവീൺലാൽ വിവാഹം കഴിച്ചത്. മുക്കം എം എ എം ഓ കോളേജിൽ ബിരുദ പഠനകാലയളവിൽ എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന സിസിനക്ക് മുൻപ് നാട്ടിൽ എസ് എഫ് ഐ ഏരിയാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു പരിചയമുണ്ട്.

കടുത്ത മത്സരം നടക്കുന്ന കൊടിയത്തൂർ പഞ്ചായത്തിൽ യു.ഡി.എഫ് സിറ്റിംഗ് സീറ്റായ ഉച്ചക്കാവിൽ സീറ്റു പിടിച്ചെടുക്കാൻ പാർട്ടി നേതൃത്വം തന്നെയേല്പിച്ചതിൽ സന്തോഷമുണ്ടെന്നും, ജയിച്ചു കയറിയാൽ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നായിക്കണ്ടു നാടിനു വേണ്ടി പ്രവർത്തിക്കുന്ന അംഗമാവുമെന്നും, പ്രചാരണത്തിന്റെ ഒന്നാം ഘട്ടത്തിൽ തന്നെ വോട്ടർമാരിൽ നിന്ന് നല്ല പ്രോത്സാഹനമാണ് ലഭിക്കുന്നതെന്നും സിസിന പറഞ്ഞു.

Exit mobile version