
newsdesk
കോഴിക്കോട്: ഭിന്നശേഷിക്കാർക്കും 85ന് മുകളിൽ പ്രായമുള്ളവർക്കും വീട്ടിൽ നിന്ന് വോട്ട് ചെയ്യാൻ അവസരം നൽകുന്ന ഹോം വോട്ടിംഗ് സംവിധാനത്തിന് ഇന്നലെ ജില്ലയിൽ തുടക്കമായി. ഓരോ നിയമസഭാ മണ്ഡലത്തിലും ഹോം വോട്ടിംഗിനായി നിയോഗിച്ച ഉദ്യോഗസ്ഥ സംഘങ്ങൾ നേരത്തെ അപേക്ഷ നൽകി, അർഹരായ വോട്ടർമാരുടെ വീടുകളിലെത്തിയാണ് വോട്ട് ചെയ്യിപ്പിച്ചത്. സ്‌പെഷ്യൽ പോളിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, മൈക്രോ ഒബ്സർവർ, സുരക്ഷാഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ, ബി.എൽ.ഒ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് വോട്ടിംഗിനായി വീടുകളിലെത്തിയത്. ഇനിയുള്ള മൂന്നു ദിവസങ്ങൾ കൂടിയാണ് ഹോം വോട്ടിംഗ് പൂർത്തിയാക്കാൻ ബാക്കിയുള്ളത്.
മുൻകൂട്ടി അറിയിച്ച് വീടുകളിലെത്തുന്ന സംഘം വോട്ടിംഗിന്റെ രഹസ്യസ്വഭാവം നിലനിർത്തിക്കൊണ്ടാണ് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കുന്നത്. ഒരു സംഘം ഓരോ ദിവസവും ശരാശരി 20 മുതൽ 25 വരെ വോട്ടർമാരുടെ വീട്ടിലെത്തി വോട്ടുകൾ രേഖപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. നേരത്തേ അസന്നിഹിത വോട്ടർ (ആബ്‌സെന്റീ വോട്ടർ) വിഭാഗക്കാർക്കുള്ള നിശ്ചിത ഫോമിൽ പോസ്റ്റൽ വോട്ടിനായി അപേക്ഷ നൽകിയവരിൽ അർഹതയുള്ളവർക്കാണ് വീട്ടിൽ നിന്ന് വോട്ട് ചെയ്യാൻ അവസരമുള്ളത്.
ജില്ലയിൽ ഹോം വോട്ടിംഗിനായി അർഹത നേടിയ 4873 ഭിന്നശേഷിക്കാരും 85ന് മുകളിൽ പ്രായമുള്ള 10531 പേരുമാണുള്ളത്. അപേക്ഷ നൽകാത്ത ഭിന്നശേഷിക്കാർക്കും 85 വയസിന് മുകളിൽ പ്രായമുള്ളവർക്കും ഏപ്രിൽ 26 ന് വോട്ട് രേഖപ്പെടുത്താൻ വോട്ടെടുപ്പ് കേന്ദ്രത്തിൽ സാധിക്കും
