നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയപരിധി ഇന്ന്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്നലെ വരെ സംസ്ഥാനത്ത് 143 സ്ഥാനാർത്ഥികളാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇടത് മുന്നണി സ്ഥാനാർത്ഥികളിൽ ചിലർ കൂടി പത്രിക സമർപ്പിക്കാനുണ്ട്.

മാർച്ച് 28നാണ് പത്രിക സമർപ്പിക്കാനുള്ള സമയം ആരംഭിച്ചത്. മുന്നണി സ്ഥാനാർത്ഥികളിൽ പ്രമുഖരായ പലരും ഇതിനോടകം പത്രിക സമർപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്നവർ ഇന്ന് തന്നെ നാമനിർദേശ പത്രിക സമർപ്പിക്കും.

അതെസമയം വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്നലെ വയനാട്ടിലെത്തി നാമനിർ​ദേശ പത്രിക സമർപ്പിച്ചു. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുല്‍ വയനാട്ടിലെത്തിയത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുലിന് ആവേശോജ്വലമായ വരവേല്‍പ്പാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയത്.

കൊല്ലത്തും തൃശൂരുമാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്. പതിനാെന്ന് പത്രിക വീതമാണ് ഇരു ജില്ലകളിലും സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത്. മൂന്ന് പത്രികകൾ ലഭിച്ച പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് ലഭിച്ചത്. നാളെയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തുക. ഏപ്രിൽ എട്ടാം തീയതി വരെ പത്രിക പിൻവലിക്കാം. ഇതോടെ സ്ഥാനാർത്ഥികളുടെ പട്ടിക അന്തിമമാകും.

ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലും അതാത് റിട്ടേണിങ് ഓഫീസര്‍മാര്‍ മുന്‍പാകെയാണ് സ്ഥാനാർത്ഥികൾ പത്രിക സമര്‍പ്പിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ പരമാവധി അഞ്ചുപേര്‍ക്ക് മാത്രമാണ് റിട്ടേണിംഗ് ഓഫീസറുടെ മുറിയിലേക്ക് പ്രവേശനാനുമതി നല്‍കുക.

error: Content is protected !!