
WebDesk
ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയുടെ ഭരണ നിർവഹണം തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിനാണെന്ന് വിധിയെഴുതി സുപ്രീംകോടതി. അരവിന്ദ് കേജ്‍രിവാൾ സർക്കാരും ലഫ്റ്റ്നന്റ് ഗവർണറും തമ്മിൽ വർഷങ്ങളായി തുടരുന്ന തർക്കത്തിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
പരമാധികാരം തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിനാണെന്നും ഗവര്‍ണര്‍ക്കല്ലെന്നും സുപ്രീംകോടതി പരാമര്‍ശിച്ചു.കോടതി വിധി കേന്ദ്ര സര്‍ക്കാരിന് വലിയ തിരിച്ചടിയായി.
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.
ദില്ലിയിലെ സിവിൽ സർവീസ് ഓഫിസർമാരുടെ നിയമനങ്ങളിലും സ്ഥലംമാറ്റ നടപടികളിലും തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണോ അതോ ദില്ലി സർക്കാരോ എന്ന തർക്കത്തിന് ഉൾപ്പെടെയാണ് ഇന്ന് വിരാമമായത്. ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ച് ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിലാണ് വിധി പ്രസ്താവം.
സംസ്ഥാന സർക്കാരിന്റെ തീരുമാനങ്ങൾ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്ന ലഫ്.ഗവർണർ അട്ടിമറിക്കുന്നുവെന്ന പരാതിയുമായി അരവിന്ദ് കേജ്‍രിവാൾ സർക്കാർ കോടതിയെ സമീപിച്ചതിലാണ് കേസിന്റെ തുടക്കം. ഐഎഎസ് ഓഫിസർമാരുരെട നിയമനം റദ്ദാക്കി, നിർണായകമായ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നില്ല, അടിസ്ഥാനപരമായ ഭരണകാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുന്നത് തടയുന്നു തുടങ്ങിയ വാദങ്ങളും ഡൽഹി സർക്കാർ കോടതിക്കു മുന്നിൽ നിരത്തി.
ഡൽഹിയുടെ യഥാർഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന സുപ്രധാന വിധി തൊട്ടടുത്ത വർഷം സുപ്രീം കോടതി നടത്തി. രാജ്യതലസ്ഥാനത്തിന്റെ ഭരണത്തലവൻ ലഫ്റ്റനന്റ് ഗവർണറാണെന്ന ഹൈക്കോടതി വിധിക്കെതിരെ ആംആദ്മി പാർട്ടി നൽകിയ കേസിലാണ്, അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ലഫ്റ്റനന്റ് ഗവർണറെക്കാൾ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനാണ് കൂടുതൽ അധികാരമെന്ന് വ്യക്തമാക്കിയ കോടതി, പൊതു ഉത്തരവുകൾ, പൊലീസ്, ഭൂമി എന്നിവയിൽ മാത്രമായി ലഫ്.ഗവർണറുടെ അധികാരം പരിമിതപ്പെടുത്തി. മന്ത്രിസഭയുടെ ഉപദേശപ്രകാരം വേണം ലഫ്. ഗവർണർ പ്രവർത്തിക്കാനെന്നും നിർദ്ദേശിച്ചു.
