
newsdesk
കോഴിക്കോട്∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടികയിൽ ഒരേ കെട്ടിട നമ്പറിൽ 70 വോട്ടർമാരെ ചേർത്ത കെട്ടിടം നിലവിലില്ല. കോർപറേഷൻ 62ാം നമ്പർ വെള്ളയിൽ വാർഡിലെ 1629 എന്ന വീട്ടുനമ്പറിലാണ് 70 വോട്ടർമാരെ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, ഈ കെട്ടിട നമ്പറുകൾ വരുന്ന പ്രദേശത്തു നടത്തിയ അന്വേഷണത്തിൽ ഇത്തരമൊരു കെട്ടിട നമ്പർ കണ്ടെത്താനായില്ല.
വർഷങ്ങൾക്കു മുൻപ് 1629 എന്ന നമ്പറിൽ ഒരു വീട് നിലവിലുണ്ടായിരുന്നു. എന്നാൽ, നിലവിൽ ഇത്തരമൊരു കെട്ടിടം പ്രദേശത്ത് ഇല്ല. മാസങ്ങൾക്കു മുൻപ് പരിഷ്കരിച്ച കോർപറേഷന്റെ നികുതി അസസ്മെന്റ് രേഖകളിൽ ഈ നമ്പർ ഒഴിവാക്കിയിട്ടുണ്ട്.
കെട്ടിടം നിലവിലില്ലെങ്കിലാണ് ഇത്തരത്തിൽ നമ്പർ ഒഴിവാക്കാറുള്ളത്. അതേസമയം, ഇല്ലാത്ത കെട്ടിട നമ്പറിൽ എഴുപതിലേറെ വോട്ടുകൾ ചേർത്തത് ആരാണെന്നും എങ്ങനെയാണെന്നുമുള്ള ചോദ്യം ബാക്കിയാണ്.
