
newsdesk
ഈ ബദാമും ചെറുപയറും കടലയും ചിയ സീഡ്സുമൊക്കെ വെള്ളത്തിലിട്ട് കുതിര്‍ത്തു കഴിക്കുന്നത് എന്തിനാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? അണ്ടിപ്പരിപ്പുകളിലും വിത്തുകളിലും ധാന്യങ്ങളിലും ഒക്കെ പ്രകൃതിദത്തമായി ചില സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ചെടികൾക്ക് ഗുണകരമാണെങ്കിലും വയറിന് അത്ര നല്ലതല്ല. വെള്ളത്തിലിട്ട് കുതിർക്കുമ്പോൾ ദഹനത്തിന് തടസ്സമാകുന്ന ഈ ഘടകങ്ങൾ നീക്കം ചെയ്യപ്പെടുകയും അവയിലെ പോഷകങ്ങൾ ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യുകയും ചെയ്യും. എന്നാൽ ഓരോന്നും കുതിര്‍ക്കേണ്ട രീതിയില്‍ വ്യത്യാസമുണ്ട്.
എന്തിനാണ് കുതിർക്കുന്നത്?
നട്‌സിലും വിത്തുകളിലും ധാന്യങ്ങളിലുമെല്ലാം ഫൈറ്റിക് ആസിഡ്, എൻസൈം ഇൻഹിബിറ്ററുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ദഹനം പതുക്കെയാക്കുകയും, അയൺ, സിങ്ക്, കാൽസ്യം തുടങ്ങിയ ധാതുക്കൾ ശരീരത്തിലേക്ക് എത്തുന്നത് തടസ്സപ്പെടുത്തുകയും ചെയ്യും.
വെള്ളത്തിലിട്ടു കുതിർക്കുന്നതിലൂടെ ഈ പ്രശ്നങ്ങൾ മാറിക്കിട്ടും. ഇത് ഗ്യാസ്, വയറു വീർക്കൽ എന്നിവ കുറയ്ക്കാനും കൂടുതൽ ഊർജ്ജം നൽകാനും സഹായിക്കും. അതേപോലെ, ചെറുപയര്‍ കടല തുടങ്ങിയ ധാന്യങ്ങള്‍ കുതിര്‍ക്കുമ്പോള്‍ അവ കൂടുതൽ മൃദുവാകുന്നതിനാല്‍ ഇത് പാചകം ചെയ്യാനുള്ള സമയം കുറയ്ക്കാന്‍ സഹായിക്കും.
ബദാം ആണെങ്കില്‍ എട്ട് മുതൽ പന്ത്രണ്ട് മണിക്കൂർ വരെ കുതിർക്കുന്നതാണ് ഏറ്റവും നല്ലത്. ഇങ്ങനെ കുതിർത്ത ശേഷം തൊലി കളഞ്ഞു കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കും. എന്നാൽ വാൾനട്ട് നാല് മുതൽ ആറ് മണിക്കൂർ വരെ മാത്രം കുതിർത്താൽ മതിയാകും, കൂടുതൽ സമയം വെള്ളത്തിലിട്ടാൽ അതിന് കയ്പ്പ് വരാൻ സാധ്യതയുണ്ട്.
കശുവണ്ടി പെട്ടെന്ന് മൃദുവാകുന്നതിനാല്‍ രണ്ട് മുതൽ നാല് മണിക്കൂർ വരെ വെള്ളത്തിലിട്ടാല്‍ മതി. നിലക്കടല ആറ് മുതൽ എട്ട് മണിക്കൂർ വരെ കുതിർത്ത് ഉപയോഗിക്കുന്നത് ഗ്യാസ് ഉണ്ടാക്കുന്ന ഘടകങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും.
ചോറ് വെക്കുന്നതിന് മുൻപ് അരി അര മണിക്കൂർ മുതൽ 2 മണിക്കൂർ വരെ കുതിർക്കുന്നത് ചോറ് കൂടുതൽ മൃദുവാകാനും ദഹനം എളുപ്പമാകാനും സഹായിക്കും. ഓട്സ് ആണെങ്കില്‍ 6 മുതൽ 8 മണിക്കൂർ വരെ കുതിർക്കാം.
ചെറുപയർ 4 മുതൽ 6 മണിക്കൂറും, കടലയാണെങ്കില്‍ 8 മുതൽ 12 മണിക്കൂറും വെള്ളത്തിലിടണം. എന്നാൽ രാജ്മ പോലുള്ളവ 10 മുതൽ 12 മണിക്കൂർ നിർബന്ധമായും കുതിർത്തു വെക്കണം. ഇവ കുതിർത്ത ശേഷം ആ വെള്ളം കളഞ്ഞ് ശുദ്ധജലത്തിൽ വേണം വേവിക്കാൻ.
നട്സ് ആയാലും ധാന്യങ്ങള്‍ ആയാലും വിത്തുകള്‍ ആണെങ്കിലും ചൂടുവെള്ളത്തിലിട്ട് കുതിർക്കുന്നത് ഒഴിവാക്കുക, ഇത് അതിലെ നല്ല എൻസൈമുകളെ നശിപ്പിക്കും.അതുപോലെ തന്നെ, കുതിർക്കാൻ ഉപയോഗിച്ച വെള്ളം മാറ്റിയ ശേഷം നല്ല വെള്ളത്തിൽ ഒന്നുകൂടി കഴുകി വേണം ഇവ ഉപയോഗിക്കാൻ. അതേപോലെ, പരിപ്പ് വർഗ്ഗങ്ങളും ധാന്യങ്ങളും കുതിർത്ത ശേഷം നന്നായി വേവിച്ചു തന്നെ കഴിക്കാൻ ശ്രദ്ധിക്കണം.
