NEWSDESK
തിരുവമ്പാടി∙ പഞ്ചായത്തിലെ 3 വാർഡുകൾക്ക് താലൂക്ക് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. ഉരുൾപൊട്ടൽ ഭീഷണി ഉള്ളതിനാൽ മുത്തപ്പൻപുഴ, ആനക്കാംപൊയിൽ, കാവുങ്കലേൽ വാർഡുകളിൽ ഉള്ളവരെ മാറ്റി പാർപ്പിക്കണം എന്ന നിർദേശമാണ് റവന്യു അധികൃതർ നൽകിയത്. താമരശ്ശേരി ഡപ്യൂട്ടി തഹസിൽദാർ നിസാമുദ്ദീൻ, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, വില്ലേജ് ഓഫിസർ കോമളാങ്കൻ, പഞ്ചായത്ത് അംഗങ്ങളായ മഞ്ചു ഷിബിൻ, കെ.എം.ബേബി, രാജു അമ്പലത്തിങ്കൽ എന്നിവർ ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളും കോളനികളും സന്ദർശിച്ചു.എന്നാൽ റവന്യു അധികൃതരുടെ നിർദേശം പ്രായോഗികമല്ലെന്ന അഭിപ്രായമാണ് പഞ്ചായത്ത് അംഗങ്ങൾക്ക്. 3 വാർഡുകളിലായി 1300 കുടുംബങ്ങളുണ്ട്. ഇത്രയും ആളുകൾക്ക് ദുരിതാശ്വാസ ക്യാംപ് പ്രവർത്തിപ്പിക്കുന്നത് പ്രായോഗികമല്ല.
ഏറ്റവും അപകട ഭീഷണിയുള്ള കുടുംബങ്ങളെ ക്യാംപുകളിലേക്കു മാറ്റാം എന്ന അഭിപ്രായമാണ് പഞ്ചായത്തിന്. നിശ്ചിത വാർഡുകളിലെ ക്യാംപുകൾ ഏത് സമയത്തും സജ്ജമാക്കാനുള്ള ക്രമീകരണം നടത്താം എന്നും ക്യാംപുകളിൽ താമസിക്കാൻ താൽപര്യം ഉള്ളവർക്ക് എപ്പോഴും അതിന് സൗകര്യം ഉണ്ടാകും എന്നുമാണ് പഞ്ചായത്ത് നിലപാട്.മലയോര മേഖലയിൽ തുടർച്ചയായ മഴയ്ക്ക് ശമനം ഉണ്ട്. പഞ്ചായത്തിലെ പ്രളയ ഭീഷണിക്ക് അയവു വന്നു. ദുരിതാശ്വാസ ക്യാംപുകൾ അവസാനിപ്പിച്ചു. ക്യാംപിൽ ഉണ്ടായിരുന്നവർ ബന്ധുവീടുകളിലേക്കും വെള്ളം കയറിയ വീടുകൾ ശുചീകരിച്ച ശേഷം അവിടേക്കും മാറി. തൊണ്ടിമ്മൽ ക്യാംപിൽ ഉണ്ടായിരുന്ന 2 കുടുംബങ്ങളും വീടുകളിലേക്കു മടങ്ങി.