
Web Desk
നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി എത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി എടുക്കണം എന്ന ആവശ്യവുമായി അന്വേഷണ സംഘം കോടതിയെ സമീപിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്.
ബാലചന്ദ്രന്റെ വെളിപ്പെടുത്തലുകളിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഈ മാസം 20 വരെ വിചാണക്കോടതി സമയം അനുവദിച്ചിട്ടുണ്ട്. വിചാരണ നിർത്തിവയ്ക്കണം എന്ന ആവശ്യത്തിൽ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കുന്നതിനാണ് കോടതി തീരുമാനം. ഇതിനിടെ, ബാലചന്ദ്രകുമാറും പ്രതി ദിലീപും തമ്മിലുള്ള മൊബൈൽ സംസാരങ്ങളുടെ വിവരങ്ങൾ അന്വേഷണ സംഘം മുദ്രവച്ച കവറിൽ കോടതിക്കു കൈമാറിയിരുന്നു. ഇതു പരിശോധിച്ച ശേഷമാണ് 20 വരെ റിപ്പോർട്ടു നൽകുന്നതിന് സമയം അനുവദിച്ചത്. ഫെബ്രുവരി 16നു മുൻപ് വിചാരണ പൂർത്തീകരിക്കണമെന്ന സുപ്രീം കോടതി ഉത്തരവു നിലനിൽക്കുന്നതിനാലാണ് വിചാരണ നിർത്തിവയ്ക്കുന്നതിനോട് കോടതി യോജിക്കാതിരുന്നത്. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടൻ ദിലീപ് കോടതിയലക്ഷ്യ കേസെടുക്കുന്നതിനു നീക്കം തുടങ്ങി.
