
Web Desk
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ തുടരന്വേഷണത്തിനു മൂന്നു മാസം കൂടി സമയം അനുവദിക്കണമെന്നു പ്രോസിക്യൂഷന്‍ ഹൈക്കോടതിയിൽ. അന്വേഷണ വിവരങ്ങൾ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി. കേസിൽ വിശദമായ അന്വേഷണം ആവശ്യമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന പ്രതി ദിലീപിന്റെ ഹർജി ഹൈക്കോടതി പരിഗണിക്കുമ്പോഴായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം ഉന്നയിച്ചത്.
സമയപരിധി നീട്ടുകയല്ല അന്വേഷണം തടയുകയാണ് വേണ്ടതെന്നു ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടു. തുടരന്വേഷണതിന്റെ മറവിൽ തനിക്കെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കുന്നുവെന്നും ഇത് അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു. ആദ്യ അന്വേഷണത്തിന്റെ പാളിച്ച മറയ്ക്കാനാണ് തുടരന്വേഷണം ആവശ്യപ്പെടുന്നതെന്നാണ് ദിലീപിന്റെ ആക്ഷേപം. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ചില ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധിക്കാനുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുള്ളത്. ഫൊറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ദീലിപ് അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
