
Web Desk
ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പിയുടെ നിര്‍ദേശം. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയിലാകണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് പറഞ്ഞു.
സബ് ഡിവിഷണല്‍ പൊലീസ് ഓഫിസര്‍മാര്‍ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.കൊവിഡ്, ട്രാഫിക് ഡ്യൂട്ടികള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ പലപ്പോഴും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ജോലി നോക്കേണ്ടി വരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ അതിരുവിട്ടു പെരുമാറാന്‍ പാടില്ല.
കൊവിഡ്, ട്രാഫിക് നിയന്ത്രണങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുകടക്കുന്നതായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.കൊവിഡ് പ്രതിസന്ധിയില്‍ പ്രയാസത്തിലായ പൊതുജനത്തിനെതിരെയുള്ള പൊലീസിന്റെ പെരുമാറ്റത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായിരുന്നു.
