
Web Desk
നടി സാധിക വേണുഗോപാലിന്റെ പേരിൽ ഇൻസ്റ്റഗ്രാമിൽ വ്യാജ ഗ്രൂപ്പ് തുടങ്ങി അശ്ലീല ചിത്രങ്ങൾ പങ്കുവെച്ച ആളെ പൊലീസ് പിടികൂടി. നടിയുടെ പരാതിയിൽ കാക്കനാട് സൈബർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിന് പിന്നിൽ പ്രവർത്തിച്ചയാളെ കസ്റ്റഡിയിലെടുത്തത്. ഇൻസ്റ്റഗ്രാം ലൈവിലൂടെ സാധിക തന്നെയാണ് വിവരം പങ്കുവെച്ചത്. ഇയാൾ കുറ്റം ഏറ്റുപറഞ്ഞ് മാപ്പു ചോദിച്ചതിനാൽ കേസ് പിൻവലിക്കുകയാണെന്ന് താരം വ്യക്തമാക്കി.
കുറച്ചു നാളുകൾക്കു മുൻപാണ് സാധികയുടെ പേരിൽ ഇൻസ്റ്റഗ്രാമിൽ വ്യാജ ഗ്രൂപ്പ് തുടങ്ങുന്നത്. ഇതിലൂടെ മോർഫു ചെയ്തതും മറ്റുമായ പോൺ ചിത്രങ്ങൾ പങ്കുവെക്കുകയായിരുന്നു. കൂടാതെ സാധികയെ ഗ്രൂപ്പിന്റെ അഡ്മിനാക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് താരം പൊലീസിനെ സമീപിക്കുന്നത്. പരാതി കൊടുത്തിട്ട് കാര്യമില്ലെന്ന് നിരവധി പേർ പറഞ്ഞെങ്കിലും താരം പരാതി നൽകുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ നിന്നായിരുന്നു താരത്തിന്റെ ലൈവ്. ആ സമയത്ത് പരാതിയിൽ പിടികൂടിയ ആളും താരത്തിനു മുൻപിലുണ്ടായിരുന്നു. തനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നും സുഹൃത്തുക്കളാണ് ചെയ്തത് എന്നുമാണ് ഇയാൾ പറഞ്ഞത്.
