
newsdesk
കോഴിക്കോട് : കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഷിംജിതയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്നത് സ്വകാര്യ കാറില്‍. ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാതിരിക്കാനാണ് സ്വകാര്യ കാറില്‍ ഷിംജിതയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ചത്.
മൂന്നുമണിയ്ക്കാണ് ഷിംജിതയെ താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നത്. കാറില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ പര്‍ദ്ദയും മുഖത്ത് കറുത്ത നിറത്തിലുള്ള മാസ്‌കും ധരിച്ചതിനാല്‍ താലൂക്ക് ആശുപത്രി പരിസരത്തുള്ള ആരും തന്നെ തിരിച്ചറിഞ്ഞിരുന്നില്ല. മഫ്തിയില്‍ ഒരു വനിതാ പൊലീസും ഒരു പുരുഷ പൊലീസുമാണ് ഷിംജിതയ്‌ക്കൊപ്പം ആശുപത്രിയുടെ ഉള്ളിലേക്ക് കടന്നത്.
പത്തുമിനിറ്റിനുള്ളില്‍ തന്നെ വൈദ്യ പരിശോധന പൂര്‍ത്തിയായി. ഇതിനുള്ളില്‍ ചുരുക്കം ചില മാധ്യമപ്രവര്‍ത്തകര്‍ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. ഷിംജിത പുറത്തേക്ക് വരുന്നത് മാധ്യമ പ്രവര്‍ത്തകര്‍ പകര്‍ത്തി. പൊതുജനങ്ങളാരും ഷിംജിതയെ തിരിച്ചറിഞ്ഞിരുന്നില്ല. പുറത്തിറങ്ങിയ ഉടന്‍ പൊലീസിനൊപ്പം കാറിനടുത്തേക്ക് നീങ്ങുകയും ഉടനെ അവിടെ നിന്ന് പോകുകയുമായിരുന്നു.
ദീപക് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് യുവതിയ്‌ക്കെതിരെ ആത്മഹത്യ പ്രേരണകുറ്റത്തിന് കേസെടുത്തിരുന്നു. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയില്‍ തിങ്കളാഴ്ചയാണ് യുവതിയ്‌ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോയിരുന്നു.
ബസ് യാത്രയ്ക്കിടെ ദീപക് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഞായറാഴ്ചയാണ് ദീപക് ജീവനൊടുക്കിയത്. തിങ്കളാഴ്ച പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദീപക്കിന്റെ അമ്മ യുവതിയ്‌ക്കെതിരെ പരാതി നല്‍കിയത്.
