newsdesk
മുക്കം:മുക്കം നഗരസഭയെയും കാരശ്ശേരി പഞ്ചായത്തിനെയും ബന്ധിപ്പിച്ചുകൊണ്ട് ഇരുവഴിഞ്ഞി പുഴക്ക് കുറുകെ കാരശ്ശേരി ഗ്രാമപഞ്ചായത്ത് തൃക്കുടമണ്ണ കടവിൽ പണിത തൂക്കുപാലം കാൽനടയാത്രക്കാർക്ക് ഭീഷണിയാവുന്നു. കാലപ്പഴക്കം കാരണം പാലത്തിന്റെ കൈവരികൾ പലയിടങ്ങളിലും തകർന്ന നിലയിലാണ്
സ്കൂൾ വിദ്യാർത്ഥികളായ കൊച്ചു കുട്ടികൾ മുതൽ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ഈ പാലത്തിൽ കുറച്ചു ആളുകൾ ഒന്നിച്ചു കയറുമ്പോഴേക്കും പാലം ഒരു വശത്തേക്ക് ചരിയുകയും, ഭീതി ജനിപ്പിക്കുന്ന വിധത്തിൽ ആടുകയും ചെയ്യുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. പാലം ഇരുകരകളിലും തൂണുകളോട് ബന്ധിപ്പിച്ചിരിക്കുന്ന ഭാഗത്തും പൊട്ടിയ നിലയിലാണ്. പാലത്തിന്റെ അടിഭാഗവും തുരുമ്പെടുത്തിട്ടുണ്ട്. ഏറെ പ്രസിദ്ധമായ തൃക്കുടമണ്ണ ശിവരാത്രി മഹോത്സവ സമയത്തും, കർക്കടക വാവ് ബലിദിവസത്തിലുമൊക്കെ നിരവധി ആളുകൾ കടന്നുപോവുന്ന പാലമാണിത്.
പുഴക്കക്കരെ തടപ്പറമ്പ് പ്രദേശവാസികളൊക്കെ വിവിധ ആവശ്യങ്ങൾക്കായി മുക്കം ടൗണിലേക്ക് എത്തുന്നതും ഇത് വഴിയാണ്. വർഷം തോറും മഴയും വെയിലുമേൽക്കുന്ന ഈ ഇരുമ്പു തൂക്കുപാലം സമയാസമയങ്ങളിൽ അറ്റകുറ്റ പ്രവൃത്തി നടത്താത്തതാണ് പാലത്തിന്റെ ഈ അവസ്ഥക്ക് കാരണം.
പാലത്തിനിക്കരെ മുക്കം നഗരസഭയുടെ ഭാഗത്തുള്ള അപ്രോച്ച് റോഡും കോൺക്രീറ്റ് സ്ലാബുകൾ തകർന്നു കാൽനടയാത്ര ദുഷ്കരമായ രൂപത്തിലാണ്. ഒരു പ്രദേശത്തെയാകെ നിരവധി ആളുകളുടെ യാത്രാമാർഗമായ ഇവിടെ ഭീതിയില്ലാതെ യാത്രചെയ്യാൻ ഒരു കോൺക്രീറ്റ് പാലം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
