
newsdesk
തിരുവനന്തപുരം: മോട്ടർ വാഹന വകുപ്പിന്റെ എം പരിവാഹൻ ആപ്പിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ സൈബർ തട്ടിപ്പ്. വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയാറാക്കപ്പെടുന്ന ഇ-ചലാൻ എന്ന വ്യാജേനയാണ് മെസജുകളും വാട്‌സാപ് സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത്. സീറ്റ് ബെൽറ്റും ഹെൽമറ്റുമൊക്ക ധരിച്ചു വാഹനമോടിച്ചവർക്കു നിയമം ലംഘിച്ചെന്നു പറഞ്ഞ് വാട്‌സാപ്പിൽ മെസജ് അയച്ചാണ് തട്ടിപ്പ്. സംസ്ഥാനത്ത് നിരവധി പേർക്ക് ലക്ഷക്കണക്കിനു രൂപ ഇതേ തുടർന്ന് നഷ്ടമായി.
വാട്സ് ആപ് സന്ദേശത്തിൽ ഒരു എപികെ (ആൻഡ്രോയിഡ് പായ്‌ക്കേജ് കിറ്റ്) ഫയലും ഉണ്ടാകും. ഇതു ഡൗൺലോഡ് ചെയ്തു പിഴ അടയ്ക്കണമെന്നാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്. നിയമലംഘനത്തിന് 500 രൂപ പിഴ എന്നാവും ആദ്യം കാണുക. ഇത് അടയ്ക്കാനായി എപികെ ഫയൽ ഡൗൺലോഡ് ചെയ്യുന്നതോടെ ഉപയോക്താവ് തട്ടിപ്പുകാരുടെ കെണിയിലകപ്പെട്ടു. ഫയൽ ഡൗൺലോഡ് ചെയ്യുമ്പോൾ ഫോൺ കുറച്ചു സമയത്തേക്ക് ഹാങ് ആകും. എന്നാൽ പിന്നീട് ഇത് ശരിയാകും. എന്നാൽ ഒരിക്കൽ ഈ എപികെ ഫയൽ ഡൗൺലോഡ് ആയിക്കഴിഞ്ഞാൽ ഫോൺ പൂർണമായും തട്ടിപ്പുകാരുടെ നിയന്ത്രണത്തിലായി. ഫയൽ ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല. മറ്റൊരു സ്ഥലത്തിരുന്നു തട്ടിപ്പുകാർക്ക് ഫോൺ നിയന്ത്രിക്കാൻ കഴിയും. ആപ്പുകളും ബാങ്കുകളുടെ ആപ്പുകളും തട്ടിപ്പുകാർ നിരീക്ഷിച്ചുകൊണ്ടിരിക്കും.
ഉപയോക്താവ് ഫോണിലെ ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ചു സാമ്പത്തിക ഇടപാടു നടത്തുന്നതു വരെ തട്ടിപ്പുകാർ കാത്തിരിക്കും. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ ആപ്പുകളിലൂടെ നടത്തിയാൽ പാസ്‌വേഡുകളും ആപ്പുകൾ തുറക്കുന്ന പാറ്റേണുകളും തട്ടിപ്പുകാർ കണ്ടെത്തും. രാത്രിയിൽ ഫോൺ ഉപയോക്താവ് ഉപയോഗിക്കാതിരിക്കുന്ന സമയത്ത് തട്ടിപ്പുകാർ പണി തുടങ്ങും.
ഉപയോക്താവിന്റെ പണം ഉപയോഗിച്ച് ഐപിഎൽ മത്സരങ്ങളുടെയും സിനിമകളുടെയും ടിക്കറ്റുകൾ കൂട്ടത്തോടെ വാങ്ങുകയാണു ചെയ്യുന്നത്. പിന്നീടത് ടെലഗ്രാം ഗ്രൂപ്പുകളിൽ മറിച്ചുവിറ്റാണു പണം നേടുന്നത്. ഒരുമിച്ച് അക്കൗണ്ടിലേക്കു പണം മാറ്റുന്നത് സൈബർ പൊലീസ് കണ്ടെത്തി പണം തിരിച്ചുപിടിക്കുന്നതു കൊണ്ടാണ് തട്ടിപ്പുകാർ പുതിയ ശൈലി സ്വീകരിച്ചിരിക്കുന്നത്. ടിക്കറ്റുകൾ വാങ്ങുമ്പോൾ ഫോണിലേക്കു വരുന്ന സന്ദേശങ്ങൾ വരെ തട്ടിപ്പുകാർ ഡിലീറ്റ് ചെയ്യുന്നതിനാൽ അക്കൗണ്ടിൽനിന്നു പണം പോയത് ദിവസങ്ങൾക്കു ശേഷം മാത്രമേ ഉപയോക്താവ് അറിയുകയുള്ളു.
എം-പരിവാഹന് എപികെ ഫയൽ ഇല്ലെന്നും പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവ വഴി മാത്രമേ പരിവാഹൻ ആപ് ഇൻസ്റ്റാൾ ചെയ്യാനാകൂ എന്നും ഗതാഗത വകുപ്പ് വ്യക്തമാക്കുന്നുണ്ട്. അതിനാൽ കെണിയിൽപ്പെടാതിരിക്കുക.
