കോഴിക്കോട് പാളയം മാര്‍ക്കറ്റ് മാറ്റാൻ അനുവദിക്കില്ലെന്ന് ഉറച്ച് വ്യാപാരികൾ; ഇന്ന് നിർണായക യോഗം

കോഴിക്കോട് : പാളയത്തെ പഴം-പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റാനുള്ള നീക്കത്തിൽ ഇന്ന് നിർണായക യോഗം. ഉച്ചയ്ക്ക് രണ്ടിന് മേയറുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. വ്യാപാരികളുമായാണ് ചർച്ച നടത്തുന്നത്. മാർക്കറ്റ് മാറ്റുന്നതിനെതിരെ വ്യാപാരികൾ പ്രതിഷേധവുമായെത്തിയതോടെയാണ് യോഗം.

പാളയം മാർക്കറ്റ് മാറ്റാൻ അനുവദിക്കില്ലെന്ന് ഉറച്ച നിലപാടിലാണ് വ്യാപാരികൾ. നഗര ഹൃദയത്തിൽ നിന്ന് മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്നതോടെ വ്യാപാരത്തെ മോശമായി ബാധിക്കുമെന്നാണ് ഇവർ പറയുന്നത്. ജനുവരിയോടെ മാർക്കറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാണ് കോർപ്പറേഷൻ തീരുമാനം. പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തി അന്തിമ ഘട്ടത്തിലാണ്.

അഞ്ചര ഏക്കർ സ്ഥലത്ത് കല്ലുത്താൻകടവ് ഡെവലപ്മെൻറ് സൊസൈറ്റിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. രണ്ടര ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന മാർക്കറ്റിൽ 100 ചില്ലറ വ്യാപാരികൾക്കും 30 മൊത്തക്കച്ചവടക്കാർക്കും പ്രവർത്തിക്കാനുള്ള സൗകര്യം ഉണ്ടാകും. 60 കോടി രൂപയാണ് കെട്ടിടത്തിന്റെ നിർമാണച്ചെലവ്. മാർക്കറ്റ് മാറ്റുന്നതോടെ പാളയത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് കോർപറേഷന്റെ കണക്കുകൂട്ടൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
%d