സിആർസെഡ്: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നേടിയത് കോഴിക്കോട് ജില്ല

കോഴിക്കോട്∙ തീരദേശജനത കാത്തിരുന്ന സംസ്ഥാന തീരപരിപാലന പ്ലാനിന് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതോടെ കോഴിക്കോട് ജില്ലയ്ക്ക് വലിയ ആശ്വാസം. കടൽ, കായൽ തീരങ്ങളിൽ നിർമാണത്തിനുള്ള നിയന്ത്രണപരിധിയിൽ ‍ഇളവുകൾ വരുത്തിയ തീരദേശ പരിപാലന പ്ലാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചതോടെ കൂടുതൽ ഇളവുകൾ ലഭിച്ച ജില്ലയായി കോഴിക്കോട് മാറി. നിർമാണത്തിന് കൂടുതൽ ഇളവു ലഭിക്കുന്ന സിആർസെഡ് 2 മേഖലയിലേക്ക് ജില്ലയിൽ 22 പഞ്ചായത്തുകൾകൂടി ചേർക്കപ്പെട്ടു.

2019ലെ കേന്ദ്രവിജ്ഞാപനത്തിൽ സിആർസെഡ് 1എ, 1 ബി, 2, 3 എ, 3 ബി എന്നിങ്ങനെയാണു മേഖലകളെ തരംതിരിച്ചിരുന്നത്. നഗരസഭകൾ സിആർസെഡ് രണ്ടിലും പഞ്ചായത്തുകൾ 3 എ, 3 ബി എന്നിവയിലുമാണ് ഉൾപ്പെട്ടിരുന്നത്. ജില്ലയിൽനിന്ന് 35 തദ്ദേശ സ്ഥാപനങ്ങളാണ് സിആർസെഡ് പരിധിയിൽ ഉൾപ്പെട്ടിരുന്നത്. 29 പഞ്ചായത്തുകൾ സിആർസെഡ് മൂന്നിലും, 6 എണ്ണം സിആർസെഡ് രണ്ടിലും ആണ് ഉൾപ്പെട്ടിരുന്നത്. സിആർസെഡ് 3 നിർമാണ പ്രവർത്തനങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങളുള്ള മേഖലയായിരുന്നു. അതിൽനിന്നാണ് ജില്ലയിലെ 22 പഞ്ചായത്തുകൾക്ക് മോചനം ലഭിച്ചത്.

പുതിയ അനുമതിയോടെ സിആർസെഡ് 3 പരിധിയിലുണ്ടായിരുന്ന ജില്ലയിലെ 29 തദ്ദേശ സ്ഥാപനങ്ങളിൽ 22 എണ്ണവും താരതമ്യേന നിയന്ത്രണം കുറഞ്ഞ സിആർസെഡ് രണ്ടിലേക്കു മാറിയതാണ് ആശ്വാസമായത്. നഗരസ്വഭാവമുള്ള 66 പഞ്ചായത്തുകളെ കൂടുതൽ ഇളവുകളുള്ള സിആർസെഡ് രണ്ടിൽ ഉൾപ്പെടുത്താൻ ദേശീയ തീരദേശ മേഖലാ മാനേജ്മെന്റ് അതോറിറ്റി അനുവദിച്ചതോടെയാണ് ഇതു സാധ്യമായത്. ഇപ്പോൾ ജില്ലയിൽ 28 പഞ്ചായത്തുകൾ സിആർസെഡ്–രണ്ടിലും 6 പഞ്ചായത്തുകൾ സിആർസെഡ് മൂന്നിലും ഒരു പഞ്ചായത്ത് 3 എയിലും.

error: Content is protected !!