newsdesk
തിരുവനന്തപുരം: നടിയെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതിയായ മുകേഷിനെ സംരക്ഷിച്ച് സി പി എം. മുകേഷ് എം എൽ എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ തിരുമാനം. പരസ്യപ്രതികരണം ഒഴിവാക്കണമെന്ന് നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.
തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന മുകേഷിന്റെ വാദം നേരത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചിരുന്നു. സംസ്ഥാന സമിതി യോഗത്തിലും നേതാക്കൾ മുകേഷിനെ പിന്തുണച്ചു.മുകേഷിനെതിരെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. എന്നാൽ തനിക്കെതിരായ ആരോപണം ഗൂഢാലോചനയാണെന്നും, കോടതിയിൽ അത് ബോദ്ധ്യപ്പെടുത്താനുള്ള തെളിവുകൾ കൈവശമുണ്ടെന്നും കാണിച്ച് മുകേഷ് മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരണം നൽകിയിരുന്നു.മാത്രമല്ല ലൈംഗികാരോപണ കേസിൽപ്പെട്ട കോൺഗ്രസ് എം എൽ എമാരായ എൽദോസ് കുന്നപ്പിള്ളിയും എം വിൻസെന്റും തൽസ്ഥാനങ്ങളിൽ തുടരുമ്പോൾ, ഇടത് എം എൽ എ എന്തിന് രാജി വയ്ക്കണമെന്ന ചോദ്യം ഉയർന്നിരുന്നു.എന്നാൽ ഇടതുപക്ഷത്തിന്റെ സ്ത്രീ ആഭിമുഖ്യം ഉയർത്തിപ്പിടിക്കാൻ മുകേഷിന്റെ രാജി അനിവാര്യമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി പി ഐ നേതാവ് ആനി രാജ അടക്കമുള്ളവർ അഭിപ്രായപ്പെട്ടിരുന്നു.
നടിയുടെ പരാതിയിൽ മുകേഷിനെതിരെ എറണാകുളം മരട് പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് രാജി ആവശ്യപ്പെട്ട് നേതാക്കൾ രംഗത്തെത്തിയത്. മാത്രമല്ല മുകേഷിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു