
We Desk
ചൈന വൻകരയിലെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്. എന്നാൽ ജിലിൻ പ്രവിശ്യയിൽ രോഗലക്ഷണമില്ലാത്ത കേസുകൾ വർധിക്കുന്നു. ഇത്തരം കേസുകൾ ചൈന കോവിഡിന്റെ പട്ടികയിൽ ഉൾപ്പെടുത്താറില്ലെങ്കിലും ആരോഗ്യപ്രവർത്തകരിൽ ആശങ്കയുയർന്നിട്ടുണ്ട്.
ചൈന വൻകരയിൽ ശനിയാഴ്ച 1737 കേസുകളാണു റിപ്പോർട്ട് ചെയ്തത്. തലേദിവസം ഇത് 2,228 ആയിരുന്നു. ചൈനയിലെ ആകെ കേസുകൾ ഇതോടെ 1.3 ലക്ഷമായി. മരണം 4,638. ജിലിൻ പ്രവിശ്യയിൽ 1191 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗലക്ഷണമില്ലാത്ത പ്രതിദിന കേസുകൾ 1823ൽ നിന്ന് 2316 ലേക്ക് ഉയർന്നു.ഹോങ്കോങ്ങിൽ 14,149 കേസുകളും 246 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. തലേന്നത്തേക്കാൾ കുറവാണിത്.
ഇതേസമയം, ദക്ഷിണ കൊറിയയിൽ ഇന്നലെ 3.34 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തു. ജർമനിയിൽ 72,000, ജപ്പാനിൽ 46,000, ഓസ്ട്രേലിയയിൽ 40,000 എന്നിങ്ങനെയാണു പ്രതിദിന കേസുകൾ.
