Site icon CTV Online

കെഎസ്ഇബി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്∙ തിരുവമ്പാടി കെഎസ്ഇബി ഓഫിസിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഓഫിസിൽ ആക്രമണം നടത്തി നാശനഷ്ടം വരുത്തിയത് ഗൗരവത്തോടെ കാണുന്നതായി കോടതി പറഞ്ഞു. ജീവനക്കാരുടെ പരാതിയിൽ അജ്മലിനും സഹോദരൻ ഫഹ്ദാനും എതിരെ കേസെടുത്തിരുന്നു. ഓഫിസ് ആക്രമിച്ച അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചത് വിവാദമായിരുന്നു. പിന്നീട് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

ബില്ല് അടക്കാത്തതിനെ തുടർന്ന് അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഓൺലൈനായി ബില്ലടച്ച അജ്‌മൽ ഉടൻ വൈദ്യുതി പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടു. പിറ്റേന്നാണ് ജീവനക്കാര്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ എത്തിയത്. വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈകിയതുമായി ബന്ധപ്പെട്ട് അജ്‌മലും ഉദ്യോഗസ്ഥരും തമ്മിൽ തര്‍ക്കമുണ്ടായി. സംഭവത്തിൽ ജീവനക്കാര്‍ പൊലീസിൽ പരാതി നൽകി.

പൊലീസ് കേസെടുത്തതിൽ പ്രകോപിതനായ അജ്മൽ സഹോദരനൊപ്പം കെഎസ്ഇബി ഓഫിസിലെത്തി ആക്രമണം അഴിച്ചുവിട്ടു എന്നാണ് പരാതി. ഓഫിസിലെ കംപ്യൂട്ടറുകളും ഉപകരണങ്ങളും തകർത്തു. ജീവനക്കാരുടെ ദേഹത്ത് ഭക്ഷണ സാധനങ്ങളുടെ മാലിന്യവും ഒഴിച്ചു. ആക്രമണത്തിൽ മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നായിരുന്നു കെഎസ്ഇബിയുടെ റിപ്പോർട്ട്.

Exit mobile version