Site icon CTV Online

പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് വിവാഹം കഴിക്കാന്‍ കുടുംബത്തിന്റേയോ സമൂഹത്തിന്റേയോ സമ്മതം വേണ്ട: ജമ്മു കശ്മീര്‍ ഹൈക്കോടതി

Web Desk

പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് വിവാഹം കഴിക്കാന്‍ കുടുംബത്തിന്റേയോ സമൂഹത്തിന്റേയോ സമ്മതം ആവശ്യമില്ലെന്ന് ജമ്മു കശ്മീര്‍, ലഡാക്ക് ഹൈക്കോടതി. വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ച ദമ്പതികള്‍ നല്‍കിയ കേസിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ പരസ്പരം ജീവിത പങ്കാളികളായി തെരഞ്ഞെടുക്കുമ്പോള്‍, അത് അവരുടെ അവകാശമാണെന്നും അത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19,21 പ്രകാരം അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് താഷി റബ്സ്താന്‍ പറഞ്ഞു.
‘ഇത്തരത്തിലുള്ള അവകാശങ്ങള്‍ക്ക് ഭരണഘടനാനുമതിയുണ്ട്, ഒരിക്കല്‍ അത് അംഗീകരിക്കപ്പെട്ടാല്‍ ആ അവകാശം സംരക്ഷിക്കേണ്ടതുണ്ട്. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ ആരുടേയും സമ്മതം ആവശ്യമില്ല. അവരുടെ അവകാശത്തിന് പ്രാധാന്യം നല്‍കണം’.
ഒരു വ്യക്തിയുടെ മാന്യമായ അസ്തിത്വത്തിന് സ്വാതന്ത്ര്യവുമായി ബന്ധമുള്ളതിനാല്‍ കോടതികള്‍ക്ക് വ്യക്തിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശം സ്വാതന്ത്ര്യത്തിനുള്ള അവകാശമാണെന്നും ജഡ്ജി പറഞ്ഞു.

Exit mobile version