NEWSDESK
മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ DGP, കേന്ദ്ര ആഭ്യന്തര മന്ത്രി, നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ, കേരള ഗവർണർ എന്നിവർക്ക് കോൺഗ്രസ് പരാതി നൽകി. കോൺഗ്രസ് ആലപ്പുഴ ബ്ലോക്ക് സെക്രട്ടറി സജിൻ ഷെരീഫ് ആണ് ണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂരിന് എതിരെ പരാതി കൊടുത്തത്.
കരിങ്കാടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാനും സംഘവും തല്ലിച്ചതച്ചത് കണ്ടില്ലെന്ന് മുഖ്യമന്ത്രി. ഗൺമാൻ തന്റെ സുരക്ഷയാണ് ഒരുക്കുന്നത്, ചാടിവീണയാളെ തള്ളിമാറ്റുന്നത് കണ്ടു. കൂടെയുള്ള അംഗരക്ഷകർ തനിക്ക് ഒന്നും സംഭവിക്കരുതെന്ന് കരുതിയാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണ യൂണിഫോമിലുള്ള പൊലീസുകാർ കെ.എസ്.യുക്കാരെ തടയുന്നതാണ് കണ്ടതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനും സംഘവും മർദിച്ചതിനെ മന്ത്രിമാർ മന്ത്രിമാർ ന്യായീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം തടയുമ്പോഴാണ് പൊലീസ് ഇടപെടുന്നതെന്നും കരിങ്കൊടി പ്രതിഷേധത്തെ ആരും എതിർക്കുന്നില്ലെന്നുമാണ് മന്ത്രിമാരുടെ നിലപാട്. വാഹനത്തിന് മുൻപിൽ ചാടി വീഴുമ്പോൾ അപകടമുണ്ടായാലോ എന്ന ആശങ്കയാണ് മന്ത്രി കെ. രാജൻ പ്രകടിപ്പിച്ചത്. അപകടം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ മാറ്റുമ്പോൾ പിടിവലി ഉണ്ടാകുമെന്ന് ആൻറണി രാജുവും പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. പിണറായി വിജയന് സാഡിസ്റ്റ് മനോഭാവമാണെന്നും പൊലീസ് സേനയിലെ പേരുകേട്ട ക്രിമിനലുകൾക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ യാത്രയെന്നും വി.ഡി സതീശൻ വിമർശിച്ചു. യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ മർദിച്ച ഗൺമാനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും നേരിടും. മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ രൂപം മാറുമെന്നും വി.ഡി സതീശൻ കോഴിക്കോട് പറഞ്ഞു.
മുഖ്യമന്ത്രി അതിരു കടക്കുകയാണെന്നും ഇത് തുടർന്നാൽ പിണറായി വിജയന്റെ ഭാഷയിൽ പറയുന്ന ജീവൻ രക്ഷാപ്രവർത്തനം തങ്ങളും ആരംഭിക്കുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയുടെ ഗൺമാൻ്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സഫാരി സ്യൂട്ടിലെ ക്രിമിനലുകളുടെയും വീടും സ്ഥലവും അറിയാം. കോൺഗ്രസ് വിചാരിച്ചാൽ ഇവർക്ക് വീടുവിട്ടിറങ്ങാനാകില്ല. മുഖ്യമന്ത്രിക്ക് സമനില തെറ്റി. പിണറായി വിജയൻ മരുന്ന് കഴിക്കാൻ മറക്കുകയാണെന്ന് സംശയമുണ്ടെന്നും മന്ത്രിമാർ അത് നൽകണമെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസത്തെ കുഴിച്ചുമൂടാനുള്ള അവസാന യാത്രയാണ് നവകേരള യാത്ര എന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.