
newsdesk
ന്യൂഡൽഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. സിലിണ്ടറൊന്നിന് 209 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ 1747.50 രൂപയാണ് ഒരു സിലിണ്ടറിന്റെ വില. സെപ്തംബർ ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വില 160 രൂപ കുറച്ചിരുന്നു.
അടുത്തിടെ ഉജ്ജ്വല സ്കീമിന് കീഴിൽ പുതിയ എൽപിജി കണക്ഷനുള്ള 1650 കോടി രൂപയുടെ സബ്‌സിഡി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. 75 ലക്ഷം പുതിയ കണക്ഷനുകൾ നൽകാനാണ് അനുമതി. ഇതോടെ മൊത്തം പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലെ ഗുണഭോക്താക്കളുടെ എണ്ണം 10.35 കോടിയായി ഉയരും. പരമ്പരാഗത പാചക ഇന്ധനങ്ങളുടെ ഉപയോഗം ഗ്രാമീണ സ്ത്രീകളുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിച്ചതിനാൽ എൽപിജി പോലുള്ള ശുദ്ധമായ പാചക ഇന്ധനം അവർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉജ്ജ്വല യോജന പദ്ധതി നടപ്പാക്കിയത്. നിലവിലെ രീതി അനുസരിച്ച്, ഉജ്ജ്വല ഗുണഭോക്താക്കൾക്ക് ആദ്യത്തെ റീഫിൽ സിലിണ്ടർ, സ്റ്റൗ എന്നിവ സൗജന്യമായി നൽകുന്നത്.
