Site icon CTV Online

വെളിച്ചെണ്ണ വില കുതിയ്ക്കുന്നു ;വിപണിയിൽ കാങ്കയം വെളിച്ചെണ്ണപോലുള്ള മായം കലർന്ന എണ്ണയുടെ ഒഴുക്ക്

കോഴിക്കോട് : നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും വില ഉയരുകയും ലഭ്യത കുറയുകയും ചെയ്തതോടെ വിപണിയിലേക്ക് കാങ്കയം വെളിച്ചെണ്ണയുടെ ഒഴുക്ക്. ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം എണ്ണമില്ലുകള്‍ പ്രവര്‍ത്തിക്കുന്ന തമിഴ്നാട്ടിലെ തിരുപ്പൂരിന് സമീപത്തുള്ള കാങ്കയത്തു നിന്നാണ് ഇതെത്തുന്നത്. ഭക്ഷ്യ സുരക്ഷാ നിയമവും സാമ്പിള്‍ പരിശോധനയുമൊക്കെ ഉണ്ടെങ്കിലും മായംകലര്‍ന്ന വെളിച്ചെണ്ണ വിപണിയിലെത്തുന്നുണ്ടെന്ന് വ്യാപകമായി പരാതിയുണ്ട്. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് സ്വന്തമായി മില്ലും സംവിധാനങ്ങളും ഉണ്ടെങ്കിലും തേങ്ങയുടെ ലഭ്യത കുറഞ്ഞതോടെ കാങ്കയം വെളിച്ചെണ്ണയാണ് അവരുടെയും ആശ്രയം.

പച്ചത്തേങ്ങയ്ക്ക് കിലോഗ്രാമിന് 55 രൂപയാണ് വില. കടകളിലെ ചില്ലറ വില്‍പ്പനവില പിന്നെയും കൂടും. 5,500 രൂപ വിലവരുന്ന 100 കിലോ പച്ചത്തേങ്ങയില്‍നിന്ന് കിട്ടുക 30 കിലോ കൊപ്രയാണ്. കിലോയ്ക്ക് 155 രൂപവെച്ച് 30 കിലോ കൊപ്രയ്ക്ക് 4,650 രൂപ വിലവരും. 30കിലോ കൊപ്രയില്‍നിന്ന് ശരാശരി 19 കിലോ എണ്ണ കിട്ടും. കിലോയ്ക്ക് 280 രൂപയാണ് മില്ലുകളില്‍ വെളിച്ചെണ്ണവില. ഇതുപ്രകാരം 19കിലോ വെളിച്ചെണ്ണയുടെ വില 5,320 രൂപ. അതായത് 5,500 രൂപയുടെ തേങ്ങ കൊപ്രയാക്കി ആട്ടിയാല്‍ കിട്ടുന്നത് 5,320 രൂപയുടെ എണ്ണ മാത്രം

ഒരുകിലോ ചിരട്ടയ്ക്ക് 15 രൂപയും പിണ്ണാക്കിന് 30രൂപയും തേങ്ങയുടെ ഒരു തൊണ്ടിന് 60 പൈസയും ഇതിനുപുറമേ കിട്ടുന്നതാണ് ഉത്പാദകരുടെ ലാഭം. വെളിച്ചെണ്ണയുടെ ഉത്പാദനച്ചെലവുമായി പൊരുത്തപ്പെടാത്ത വിലയാണ് കേരളത്തിലെ വിപണിയിൽ. മൊത്തവില 240 രൂപയെന്നാണ് വിപണിയിലെ കണക്ക്. 220 രൂപ മുതൽ പായ്ക്കറ്റ് വെളിച്ചെണ്ണ കടകളിൽ കിട്ടും. ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് കിലോഗ്രാമിന് കുറഞ്ഞത് 300 രൂപയെങ്കിലും വില വരുമെന്നാണ് ചെറുകിട ഉത്പാദകർ പറയുന്നത്. വൻകിടക്കാർക്ക് തേങ്ങയോ കൊപ്രയോ പഴയ സ്റ്റോക്കുണ്ടെങ്കിൽ ഇതിൽ നിന്ന് പരമാവധി 25 രൂപവരെ കുറച്ച് വിൽക്കാനാവും.

പാംകേർണൽ ഓയിൽ, ആർജിമോൺ ഓയിൽ, പരുത്തിക്കുരു എണ്ണ, നിലക്കടലയെണ്ണ, പാരഫിൻ ഓയിൽ എന്നിവയെല്ലാം വെളിച്ചെണ്ണയിലും സൂര്യകാന്തി എണ്ണയിലും മായം ചേർക്കാൻ ഉപയോഗിക്കുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു. മായംചേർത്ത ബ്രാൻഡുകൾ ഭക്ഷ്യസുരക്ഷാവകുപ്പ് സാമ്പിൾ പരിശോധനയിലൂടെ കണ്ടെത്തി നിരോധിക്കാറുണ്ട്. ബ്രാൻഡും പേരുംമാറ്റി ഇവ വീണ്ടും വിപണിയിലെത്തും. കേരഫെഡിന്റെ കേര വെളിച്ചെണ്ണയോട് സാമ്യമുള്ള പേരിൽ 62 ബ്രാൻഡുകളാണ് അടുത്തിടെ കണ്ടെത്തിയത്. ചട്ടിയിൽ ചൂടാക്കുമ്പോൾ പെട്ടെന്ന്
കരിഞ്ഞമണം വന്നാൽ മായം സംശയിക്കാം. കുറച്ച് വെളിച്ചെണ്ണ ഗ്ലാസിൽ ഒഴിച്ച് ഫ്രിഡ്ജിൽ വെച്ചാൽ വെളിച്ചെണ്ണ മാത്രം കട്ടിയാവുകയും മറ്റുള്ള എണ്ണയുണ്ടെങ്കിൽ വേറിട്ട് നിൽക്കുകയും ചെയ്യും.

Exit mobile version