Site icon CTV Online

സിനിമാ ഷൂട്ടിങ്ങിനിടെ സംഘർഷം; നടൻ ഷൈൻ ടോം ചാക്കോ മർദിച്ചെന്ന് പരാതി

Web Desk

കളമശേരി എച്ച്എംടി കോളനിയിൽ സിനിമാ ഷൂട്ടിങ്ങിനിടെ അണിയറ പ്രവർത്തകരും നാട്ടുകാരും തമ്മിൽ സംഘർഷം. മർദനമേറ്റെന്നു ചൂണ്ടിക്കാട്ടി രണ്ടു പേർ ആശുപത്രിയിൽ ചികിത്സതേടി. നടൻ ഷൈൻ ടോം ചാക്കോ മർദിച്ചു എന്നാരോപിച്ചാണ് പ്രദേശവാസികളിൽ ഒരാൾ ആശുപത്രിയിൽ അഡ്മിറ്റായത്. മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ഉന്തിലും തള്ളിലും കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.
നടൻ ടൊവിനോ തോമസിന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തിങ്കൾ വൈകിട്ടോടെയാണ് ഉന്തും തള്ളുമുണ്ടായത്. പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നെന്നും വഴിയിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നു എന്നും നാട്ടുകാർ പരാതി പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്യാൻ ഷൈൻ ടോം ചാക്കോ വന്നുവെന്നും ഉന്തും തള്ളും ഉണ്ടായെന്നും പ്രദേശവാസികൾ പറയുന്നു. ഇതിനിടെ ടൊവിനോയും ഇടപെട്ടു. ഷൈൻ മർദിച്ചെന്നു കാണിച്ച് ഷമീർ എന്നയാളാണ് ആശുപത്രിയിൽ അഡ്മിറ്റായിട്ടുള്ളത്. നാട്ടുകാരുടെ മർദനത്തിന് ഇരയായി എന്നാരോപിച്ച് സിനിമാ പ്രവർത്തകരിൽ ഒരാളും ആശുപത്രിയിലെത്തി. സംഘർഷം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും അനുനയിപ്പിച്ചു. ഇരുകൂട്ടരും പൊലീസിൽ പരാതി നൽകിയെങ്കിലും ഒത്തു തീർപ്പു ചർച്ച നടക്കുന്നതിനാൽ കേസെടുത്തില്ലെന്നു പൊലീസ് പറഞ്ഞു.

Exit mobile version