താമരശ്ശേരി ചുരത്തിൽ മിഴിതുറന്ന് തെരുവുവിളക്കുകൾ; ലക്കിടി വയനാട് ഗേറ്റ് വരെ 27 സോളർ വിളക്കുകൾ

താമരശ്ശേരി ∙ ചുരം 9ാം വളവിനു മേലെ മുതൽ ലക്കിടി വയനാട് ഗേറ്റ് വരെ സോളർ തെരുവുവിളക്ക് സ്ഥാപിച്ചു. 27 സോളർ വിളക്കുകളാണു പുതുപ്പാടി പഞ്ചായത്ത് സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിച്ചത്. ചുരത്തിൽ രാത്രി കുരുക്കിൽപ്പെടുന്ന യാത്രക്കാർ വെളിച്ചമില്ലാതെ കഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് ഇതോടെ ആശ്വാസമായി. ജില്ലാ ഭരണകൂടം, പുതുപ്പാടി പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘അഴകോടെ ചുരം’ പദ്ധതിയുടെ ഭാഗമായി ഒന്നാം വളവ് മുതൽ ലക്കിടി ഗേറ്റ് വരെ സോളർ വിളക്ക് സ്ഥാപിക്കുന്നതിന്റെ മുന്നോടിയായാണു ചുരം വ്യുപോയിന്റും പരിസരവും പ്രകാശ പൂരിതമാക്കിയത്.

സ്പോൺസർമാരെ കണ്ടെത്തി അടുത്ത ഘട്ടത്തിൽ ചുരത്തിൽ കൂടുതൽ ഭാഗത്തു വെളിച്ചം എത്തിക്കാനുള്ള പ്രവർത്തനത്തിലാണു പഞ്ചായത്ത്. ചുരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് പ്രധാന സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്ന നടപടിയും പുരോഗമിക്കുന്നു. ചുരം സോളർ സ്ട്രീറ്റ് ലൈറ്റ് പദ്ധതി ഉദ്ഘാടനം പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസ ഷെരീഫ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷിജു ഐസക് ആധ്യക്ഷ്യം വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ മോളി ആന്റോ, ഷംസു കുനിയിൽ, ബ്ലോക്ക് മെംബർ ബുഷ്റ ഷാഫി, ആയിഷ ബീവി, ഷാഫി വളഞ്ഞപാറ, ഹിദായത്തുല്ല, വി.കെ.മൊയ്തു മുട്ടായി, ജി.ജി.മുഹമ്മദ്, പി.കെ.സുകുമാരൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!