ദുരന്ത മുഖത്ത് വിശ്രമിക്കാതെ കെഎസ്‌ഇബി; ഉരുള്‍പൊട്ടല്‍ തകർത്തെറിഞ്ഞ അട്ടമലയില്‍ വൈദ്യുതിയെത്തി, നാനൂറോളം വീടുകളിലേക്ക് വൈദ്യുതി എത്തിച്ചു,

കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് കെഎസ്‌ഇബിയുടെ പരിശ്രമം ഫലം കണ്ടു. ഉരുള്‍പൊട്ടല്‍ തകർത്തെറിഞ്ഞ അട്ടമലയില്‍ വൈദ്യുതിയെത്തി. തകർന്നുപോയ പോസ്റ്റുകള്‍ മാറ്റിയും ചരിഞ്ഞുപോയവ നിവർത്തിയും 11 കെ വി വൈദ്യുതി ശൃംഖല പുനർനിർമ്മിച്ചാണ് അട്ടമലയിലെ മൂന്ന് ട്രാൻസ്ഫോർമറുകളിലേക്ക് വൈദ്യുതി എത്തിച്ചത്.

നാനൂറോളം വീടുകളിലേക്ക് വൈദ്യുതി എത്തിക്കാനായതായി കെഎസ്‌ഇബി അറിയിച്ചു. ചൂരല്‍മലയില്‍ നിന്ന് താത്കാലിക പാലത്തിലൂടെ ശ്രമകരമായി ജീവനക്കാരെയും ഉപകരണങ്ങളെയും അട്ടമലയില്‍ എത്തിച്ചായിരുന്നു കെഎസ്‌ഇബി ജീവനക്കാർ യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി പുനഃസ്ഥാപിച്ചത്.

കെഎസ്‌ഇബി മേപ്പാടി സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ രണ്ട് ടീമുകളായി തിരിഞ്ഞ് ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ പരിശ്രമമാണ് വൈകിട്ടോടെ ഫലം കണ്ടത്. ചൂരല്‍മല ടൗണിലെ പ്രകാശസംവിധാനവും സജ്ജമാക്കിക്കഴിഞ്ഞിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍ ഉണ്ടായ കേന്ദ്രത്തില്‍ നിന്നും 4 കി. മീ വരെ വൈദ്യുതിബന്ധം കെഎസ്‌ഇബി ബുധനാഴ്ച പുലർച്ചയോടെ പുനഃസ്ഥാപിച്ചിരുന്നു. ചൂരല്‍മല ടെലിഫോണ്‍ എക്സ്ചേഞ്ച് വരെയും ഉരുള്‍പൊട്ടലിനെ തുടർന്ന് പാലം ഒലിച്ചുപോയ ചൂരല്‍മല ടൗണ്‍ വരെയും വൈദ്യുതി ശൃംഖല പുനർനിർമ്മിച്ചാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.

പ്രാഥമിക വിവരം അനുസരിച്ച്‌ ഏകദേശം മൂന്ന് കോടി രൂപയുടെ നഷ്ടമാണ് ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുമാത്രം കെഎസ്‌ഇബിയ്ക്ക് ഉണ്ടായതായി കണക്കാക്കുന്നത്. മേപ്പാടി ഇലക്‌ട്രിക്കല്‍ സെക്ഷൻ പരിധിയില്‍ വരുന്ന ഏകദേശം മൂന്നര കിലോമീറ്റർ ഹൈ ടെൻഷൻ (11 KV) ലൈനുകളും 8 കിലോമീറ്റർ ലോ ടെൻഷൻ ലൈനുകളും പൂർണമായും തകർന്നു.

രണ്ട് ട്രാൻസ്ഫോമറുകള്‍ കാണാതാവുകയും 6 ട്രാൻസ്ഫോമറുകള്‍ നിലംപൊത്തുകയും ചെയ്തു. ആയിരത്തോളം ഉപഭോക്താക്കളുടെ സർവീസ് പൂർണമായും തകർന്നിട്ടുണ്ട്. പ്രാഥമിക ജോലികള്‍ നിർവഹിക്കുന്നതിനും രക്ഷാപ്രവർത്തനത്തിന് വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനും സബ് എൻജിനീയർമാരുടെ നേതൃത്വത്തില്‍ രണ്ട് ടീമുകളെ വാഹനങ്ങള്‍ സഹിതം സ്ഥലത്ത് തയ്യാറാക്കി നിർത്തിയിട്ടുണ്ട്.

വൈദ്യുതി പുനഃസ്ഥാപനത്തിന് ആവശ്യമായ എബിസി കേബിളുകളും ട്രാൻസ്ഫോമറുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യം വേണ്ട തൊഴിലാളികളെയും ജീവനക്കാരെയും നിയോഗിച്ചതായി കെഎസ്‌ഇബി അധികൃതർ അറിയിച്ചു.

error: Content is protected !!