newsdesk
ഇന്ന്, കൊല്ലവർഷം 1200 ചിങ്ങം 1. പുത്തൻ പ്രതീക്ഷകളുമായൊരു വർഷം കൂടി പിറക്കുകയാണ്.ഓണം ഇതാ ഇങ്ങെത്തിക്കഴിഞ്ഞു, പൂക്കളവും, പൂവിളിയുമൊക്കെയായി ഓണനാളുകൾ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കർക്കിടത്തിന്റെ ക്ഷീണം മാറ്റി നല്ല നാളുകൾ ആരംഭിക്കുകയാണ്. . ചിങ്ങ മാസം എന്ന് പറയുമ്പോൾ തന്നെ ആദ്യം നമ്മുടെ മനസ്സിലേക്ക് വരുന്നതും ഓണം തന്നെ ആയിരിക്കും.
കാർഷിക സംസ്കാരത്തിന്റേയും സമൃദ്ധിയുടേയും ഉത്സവമാണ് ഓണം. കൊല്ല വർഷത്തെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷ മാസം എന്നും അറിയപ്പെടും. കേരളീയർക്ക് ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്.കർക്കിടക മാസത്തിലെ ദുരിതങ്ങൾക്കും കഷ്ടപ്പാടകൾക്കും അറുതിയായാണ് ചിങ്ങം പിറക്കുന്നത്. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും മാസം. വളരെ സന്തോഷത്തോടെയാണ് ചിങ്ങ മാസത്തെ വരവേൽക്കുന്നത്.
കൃഷി ചെയ്യാൻ പറ്റിയ മാസമാണ് ചിങ്ങം. അതുവരെ ഉള്ള എല്ലാ ദാരിദ്രവും ചിങ്ങം തീർക്കും എന്നാണ് കരുതപ്പെടുന്നത്. കർക്കിടക്കത്തിൽ കൃഷിയൊന്നും ചെയ്യാൻ പറ്റാതെ ദാരിദ്ര്യത്തി അകപ്പെട്ട മനുഷ്യന്മാർക്ക് പ്രതീക്ഷയുമായാണ് ഓണം വന്നിരുന്നത്. അതുകൊണ്ട് തന്നെ ചിങ്ങ മാസം എന്ന് പറയുന്നത് തന്നെ ഐശ്വര്യത്തിന്റെ മാസമാണ്.
തിരുവോണം ഉൾപ്പെടെ വിശേഷപ്പെട്ട ദിവസങ്ങൾ ചിങ്ങത്തിലാണ്. ആഘോഷങ്ങൾക്ക് ഏറ്റവും ഉചിതമായ മാസമായും ചിങ്ങ മാസത്തെ കണക്കാക്കുന്നു. ഈ മാസമാണ് പൊതുവേ കല്യാണങ്ങൾക്കും ഗൃഹപ്രവേശനത്തിനുമൊക്കെ തിരഞ്ഞെടുക്കുന്നത്. പുതിയ സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനും ചിങ്ങം വരാൻ കാത്തിരിക്കുന്നവരുണ്ട്. മലയാളം കലണ്ടറിലെ ആദ്യ മാസമാണ് ചിങ്ങ മാസം. മലയാള മാസം അനുസരിച്ച് പുതുവർഷം പിറക്കുന്നു എന്നാണ് ചിങ്ങം ഒന്നിനെ വിശേഷിക്കുന്നത്.
സിംഹം എന്ന പദം ലോപിച്ചുണ്ടായതാണ് ചിങ്ങം. ചിങ്ങം സിംഹത്തിന്റെ രൂപത്തിലുള്ള ലിയോ എന്ന നക്ഷത്രഘടനയെ സൂചിപ്പിക്കുന്നു.
ചിങ്ങം ഒന്നിന് പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം:
സമൃദ്ധിയുടെയും ഐശ്വര്യത്തിന്റേയും പുതുവത്സരാശംസകള്‍