Site icon CTV Online

ഇന്ത്യയുടെ എതിര്‍പ്പുകള്‍ അവഗണിച്ചു; ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത് എത്തി

Web Desk

ഇന്ത്യയുടെ കടുത്ത എതിര്‍പ്പും ആശങ്കകളും അവഗണിച്ച് ചൈനീസ് ചാരക്കപ്പലായ ‘യുവാന്‍ വാങ് 5’ ശ്രീലങ്കന്‍ തുറമുഖത്ത് അടുത്തു. ചൊവ്വാഴ്ച രാവിലെയാണ് കപ്പല്‍ ശ്രീലങ്കയിലെ ഹംബൻടോട്ട തുറമുഖത്ത് എത്തിയത്. പ്രാദേശിക സമയം 8.30 ഓടെ തുറമുഖത്ത് എത്തിയ കപ്പല്‍ ഈ മാസം 22 വരെ ശ്രീലങ്കന്‍ തുറമുഖത്തുണ്ടാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഈ മാസം 11-ന് എത്തേണ്ടിയിരുന്ന കപ്പല്‍, ആദ്യഘട്ടത്തില്‍ ശ്രീലങ്ക അനുമതി നിഷേധിച്ചതോടെയാണ് വൈകിയത്‌.
യുവാന്‍ വാങ് 5 ലങ്കന്‍ തീരത്തേക്ക് എത്തുന്നതില്‍ കടുത്ത ആശങ്കയാണ് ഇന്ത്യ ഉയര്‍ത്തിയത്. തുടര്‍ന്ന് ആദ്യഘട്ടത്തില്‍ യാത്ര നീട്ടിവെയ്ക്കാന്‍ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളും ശ്രീലങ്കയും തമ്മിലുള്ള പ്രശ്നത്തില്‍ ഇന്ത്യ ഇടപെടേണ്ടതില്ല എന്ന നിലപാടിലായിരുന്നു ചൈന. ഇന്ത്യ ശ്രീലങ്കയെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നാണ് ചൈന ആരോപിച്ചത്. ചൈനയും ശ്രീലങ്കയും തമ്മിലുള്ള സഹകരണം തടസപ്പെടുത്തുന്നത് അവസാനിപ്പിക്കണണെന്ന് ചില കക്ഷികളോട് അഭ്യര്‍ഥിക്കുന്നു എന്നാണ് ഇന്ത്യയുടെ പേര് പരാമര്‍ശിക്കാതെ ചൈന വിഷയത്തില്‍ പ്രതികരിച്ചത്.

ഓഗസ്റ്റ് 16 മുതല്‍ 22 വരെ ശ്രീലങ്കയില്‍ ചൈനീസ് മേല്‍നോട്ടത്തിലുള്ള ഹംബൻടോട്ട തുറമുഖത്ത് നങ്കൂരമിടാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ശ്രീലങ്കന്‍ ഹാര്‍ബര്‍ മാസ്റ്റര്‍ നിര്‍മല്‍ പി. സില്‍വ വ്യക്തമാക്കിയിരുന്നു.

Exit mobile version