newsdesk
ഡൽഹി: കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമ പരിധിയിൽ ഉൾപ്പെടുന്ന കുറ്റമാണെന്ന് സുപ്രീം കോടതി വിധി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. കുട്ടികളുടെ ഇത്തരം വീഡിയോകൾ ഏതെങ്കിലും കാരണവശാൽ സൂക്ഷിച്ചതായി കണ്ടെത്തിയാൽ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ കഴിയുമെന്നും കോടതി വ്യക്തമാക്കി.
കുട്ടികളുടെ അശ്ലീല വിഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമ പ്രകാരവും ഐടി ആക്ട് പ്രകാരവും കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ലഭിച്ചാൽ അത് പൊലീസ്നെ അറിയിക്കാതിരിക്കുന്നത് കുറ്റകരം ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ചൈല്‍ഡ് പോണോഗ്രഫി എന്ന പദം ഇനി ഉപയോഗിക്കരുതെന്നും പകരം ചൈല്‍ഡ് സെക്ഷ്വല്‍ ആന്‍ഡ് എക്‌സ്പ്‌ളോറ്റീവ് ആന്‍ഡ് അബ്യൂസ് മെറ്റീരിയല്‍ എന്ന പദം കൊണ്ടുവരണമെന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനായി ഉടൻ തന്നെ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.