newsdesk
കോഴിക്കോട്∙ തലക്കുളത്തൂരിൽ ചീഞ്ഞ കോഴിയിറച്ചി വിറ്റ കട പൂട്ടിച്ചു. അണ്ടിക്കോട് പ്രവർത്തിക്കുന്ന സിപിആർ ചിക്കൻ സ്റ്റാളാണ് പൂട്ടിയത്. ദുർഗന്ധം വന്ന് ഇറച്ചി പരിശോധിച്ചപ്പോൾ ചിക്കനിൽ പുഴുക്കളെ കണ്ടെത്തി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. നാട്ടുകാർ വിവരം എലത്തൂർ പൊലീസിനെയും പഞ്ചായത്ത് പ്രസിഡന്റ് പ്രമീള ഉൾപ്പെടെയുള്ള അധികൃതരെയും അറിയിച്ചു. തുടർന്ന് പൊലീസെത്തി കടയിലെ ഇതരസംസ്ഥാന ജോലിക്കാരനെ കസ്റ്റഡിയിൽ എടുത്ത് കട അടപ്പിച്ചു.
രാവിലെ പഞ്ചായത്ത് അധികൃതരും ഹെൽത്ത് ഇൻസ്പെക്ടറും ഉൾപ്പെടെയുള്ളവർ കടയിൽ പരിശോധന നടത്തി. 33 കിലോ ചത്ത കോഴി കടയിൽനിന്നു കണ്ടെടുത്തു. കോഴിക്കോട് സ്വദേശിയുടേതാണു കട. കടയുടെ ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചു.