
newsdesk
വികസിത മുക്കം രൂപകല്പന ചെയ്യുന്നതിൽ നിർണായക പങ്കുവഹിച്ച ബാലകൃഷ്ണൻമാസ്റ്റർ വിടപറയുമ്പോൾ പറയാതിരിക്കാൻ കഴിയില്ല അദ്ദേഹത്തെ കുറിച്ചുള്ള ഈ കാര്യങ്ങൾ . മുക്കം പഞ്ചായത്ത് ഭരണ സമിതിയിലേക്ക് 1988 ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ലീഗ് ബിജെപി മുന്നണിക്ക് രൂപം നൽകുന്നതിൽ എൻ കെ അബ്ദുറഹിമാൻ, എ എം അഹമ്മദ് കുട്ടി ഹാജി എന്നിവർ ക്ക് ഒപ്പം നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ബാലകൃഷ്ണൻ മാസ്റ്റർ. ഈ മുന്നണിയുടെ ഭാഗമായി നീലേശ്വരം വാർഡിൽ നിന്നും ജയിച്ചാണ് അദ്ദേഹം ഭരണസമിതിയിൽ അംഗമാകുന്നത്. അദ്ദേഹത്തിന്റെ ബന്ധുവായ പ്രേമൻ, മുത്താലം വാർഡിൽ നിന്നും ബിജെപി ടിക്കറ്റിൽ ജയിച്ചിരുന്നു. കോൺഗ്രസിന് നിർണായക സ്വാധീനമുള്ള വാർഡുകൾ ആയിരുന്നു ഇത് രണ്ടും. നീലേശ്വരം വാർഡിൽ നിന്നും വനിതാ സംവരണം ഉണ്ടായ ഒരുതവണ ഒഴികെ എല്ലാ തെരഞ്ഞെടുപ്പിലും പിന്നീട് ബിജെപിയാണ് ജയിച്ചു വന്നത്. അതിനു കാരണം ബാലകൃഷ്ണൻ മാസ്റ്റർ ഇട്ട അടിത്തറയായിരുന്നു. മുക്കം പഞ്ചായത്ത് ഓഫീസ്, നിത്യ ചന്ത, ബസ്സ്സ്റ്റാൻഡ്, തൃക്കടമണ്ണ റോഡ് ടാറിങ് എന്നിങ്ങനെ ദീർഘകാല വികസന പദ്ധതികൾ നടപ്പിലാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചത് അഹമ്മദ് കുട്ടി ഹാജി /ചേറ്റൂർ കൃഷ്ണൻ മാസ്റ്റർ കൂട്ടുകെട്ടാണ്.കേന്ദ്ര സര്ക്കാര് വിജിലൻസ് ആൻ്റ് മോണിറ്ററിങ് കമ്മറ്റി അംഗം , ഇരട്ടകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം പ്രസിഡൻ്റ് മുക്കം സർവീസ് സഹകരണ ബാങ്കിനെ യുഡിഎഫ് പക്ഷത്തേക്ക് കൊണ്ടുവരുന്നതിലും അദ്ദേഹത്തിന് നിർണായക പങ്കുണ്ടായിരുന്നു.
മലയമ്മ എ യു പി സ്കൂളിൽ അധ്യാപകനായി ജോലിയിൽ ഇരിക്കെയാണ് അദ്ദേഹം ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ അംഗമാകുന്നത്. അധ്യാപകൻ എന്ന നിലയിലും അദ്ദേഹം മികച്ച വിജയമായിരുന്നു. പുരാണങ്ങളിലും ഇതിഹാസങ്ങളിലും അദ്ദേഹത്തിന് അഗാധമായ അറിവുണ്ടായിരുന്നു.
വാജ്പേയ് ആണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരു . ജനസംഘത്തിൽ ആണ് അദ്ദേഹം രാഷ്ട്രീയപ്രവർത്തനം ആരംഭിക്കുന്നത് .പിന്നീട് ജനതാ പാർട്ടിയുടെ ഭാഗമായി. 1980 ൽ ബിജെപി രൂപം കൊണ്ടത് മുതൽ നേതൃസ്ഥാനത്ത് എത്തി. ജില്ലാ പ്രസിഡണ്ടായും സംസ്ഥാന വൈസ് പ്രസിഡണ്ടായും ദേശീയ നിർവാഹക സമിതി അംഗമായും തിളങ്ങി. നിയമസഭയിലേക്കും ലോക്സഭയിലേക്കും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. വടകര , തിരുവമ്പാടി ഉൾപ്പെടെയുള്ള പല മണ്ഡലങ്ങളിലും മത്സരിച്ചെങ്കിലും ജനവിധി അദ്ദേഹത്തിന് എതിരായിരുന്നു. 1991ലെ ബേപ്പൂർ വടകര മോഡൽ കോൺഗ്രസ് ബിജെപി കൂട്ടുകെട്ടിന് ചുക്കാൻ പിടിച്ചതും അദ്ദേഹമായിരുന്നു. ജാതിമതഭേദമന്യേ എല്ലാവരോടും സൗഹൃദം പുലർത്തുകയും നിലപാടുകളിൽ കാർക്കശ്യം പുലർത്തുകയും ചെയ്തിരുന്ന ജനകീയ നേതാവായിരുന്നു ബാലകൃഷ്ണൻ മാസ്റ്റർ.മുക്കം പ്രതീക്ഷ സ്കൂൾ കമ്മിറ്റിയിലും അദ്ദേഹം സജീവമായിരുന്നു. ഓർമ്മക്കുറിപ്പുകൾ എഴുതാൻ ബാക്കി വെച്ചാണ് അദ്ദേഹം യാത്രയായത്.
ഹൃദയസ്തംഭനമായിരുന്നു മരണകാരണം. ഭാര്യ പത്മാവതി ടീച്ചർ
മക്കൾ, ബിനോജ് സി.ബി ( അദ്ധ്യാപകൻ സെൻ്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂൾ) അനൂപ് സി.ബി
മരുമകൾ ഡോ: സിനി ബിനോജ് (പ്രോവിഡൻസ് കോളേജ് കോഴിക്കോട്)
