
newsdesk
മാവൂർ ∙ മലപ്പുറം ജില്ലയിൽ നിന്നും ഊർക്കടവ് പാലം കടന്ന് എത്തുന്നവർക്കും ജില്ലയിലെ മാവൂർ കോഴിക്കോട് പ്രധാന റോഡിലെത്തുന്നവർക്കും കോഴിക്കോട് നഗരത്തിന്റെ തിരക്കിൽ പെടാതെ വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കും അയൽ സംസ്ഥാനങ്ങളിലേക്കും ഇനി എളുപ്പമെത്താം. ചാത്തമംഗലം പെരുവയൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെട്ടിക്കടവിൽ ചെറുപുഴയ്ക്കു കുറുകെ നിർമിച്ച പാലത്തിന്റെ നിർമാണം പൂർത്തിയായി. ഇരു ഭാഗങ്ങളിലെയും അപ്രോച്ച് റോഡിന്റെ നവീകരണ പ്രവൃത്തി പൂർത്തിയാകുന്നതോടെ പാലം പൂർണമായി ഗതാഗതത്തിനു തുറന്നു കൊടുക്കും.
എംവിആർ കാൻസർ ആശുപത്രി, വെള്ളനൂർ ആർട്സ് ആൻഡ് സയൻസ് കോളജ്, ഗവ ഐടിഐ, എൻഐടി എന്നിവിടങ്ങളിലേക്കും ഇത് എളുപ്പവഴിയാണ്. 11 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിർമാണവും അനുബന്ധ റോഡുകളുടെ നവീകരണ പ്രവൃത്തിയും നടത്തുന്നത്. 32 മീറ്റർ നീളത്തിലുള്ള 3 സ്പാനും 12.5 മീറ്റർ നീളത്തിലുള്ള രണ്ട് ലാൻഡ് സ്പാനും ഉൾപ്പെടെ 121 മീറ്റർ നീളത്തിലും, ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും 7.5 മീറ്റർ വീതിയിൽ കാര്യേജ് വേയും അടക്കം 11 മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമാണം
