Site icon CTV Online

ഇടതുബന്ധം അവസാനിപ്പിച്ച് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍; മടക്കം 20 വര്‍ഷത്തിനുശേഷം

Web Desk

20 വര്‍ഷത്തിനുശേഷം ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങി. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുമായുള്ള കൂടുക്കാഴ്ചയ്ക്കുശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് വരുന്നതില്‍ സന്തോഷമെന്ന് എ കെ ആന്റണി പ്രതികരിച്ചു.

’45 വര്‍ഷക്കാലമാണ് ഒരു രാഷ്ട്രീയ ജീവിയെന്ന നിലയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചത്. കെഎസ്‌യുവിലും യൂത്ത് കോണ്‍ഗ്രസിലും ചോരയും നീരുമൊഴുക്കി. കൊടിയ മര്‍ദ്ദനങ്ങള്‍ക്കും ഇരയായി. എന്റെ അധ്വാനത്തിന്റെ മൂലധനം മുഴുവന്‍ കോണ്‍ഗ്രസിലാണ്. അതുകൊണ്ടുതന്നെ എനിക്കെന്റെ തറവാട്ടിലേക്ക് തിരികെയെത്താം. ഞാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നപ്പോള്‍ കോണ്‍ഗ്രസില്‍ അധികാര കുത്തകകള്‍ ഉയര്‍ന്നുവന്നു. സ്ഥിരമായി അധികാരത്തില്‍ ഒരേ ആളുകള്‍. അത് പാടില്ലെന്നാണ് ഞാന്‍ പറഞ്ഞത്. ഇതെല്ലാം കാരണമാണ് ഞാന്‍ പാര്‍ട്ടി വിട്ടത്. അന്ന് ഞാന്‍ പറഞ്ഞ, അധികാര കുത്തകകളെല്ലാം അവസാനിപ്പിക്കണമെന്ന സന്ദേശം ഇന്ന് കോണ്‍ഗ്രസ് നടപ്പിലാക്കുകയാണ്.

അതുകൊണ്ടാണ് എന്റെ തിരിച്ചുവരവ്. പാര്‍ലമെന്റ് മുഖത്തും സംഘടനാ മുഖത്തും സ്ഥിരംമുഖങ്ങള്‍ മാറി പുതിയ നേതൃത്വം വന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ പറഞ്ഞതെല്ലാം പണ്ട് കോണ്‍ഗ്രസ് നടപ്പാക്കിയിരുന്നെങ്കില്‍ ഇന്നിങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു. അതെല്ലാം ചരിത്രം തെളിയിച്ചു’. കോണ്‍ഗ്രസിലൂടെ ഇന്ത്യയെ ശക്തിപ്പെടുത്തുകയാണ് തിരിച്ചുവരവിന്റെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് മരിച്ചാല്‍ ഇന്ത്യ മരിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. അതേസമയം ചെറിയാന്‍ ഫിലിപ്പിന്റെ പദവിയെ കുറിച്ച് പാര്‍ട്ടി തീരുമാനമെടുക്കുമെന്ന് എകെ ആന്റണി വ്യക്തമാക്കി. രണ്ട് പതിറ്റാണ്ടുകാലം ഒപ്പം നിന്നിട്ടും ചെറിയാന്‍ ഫിലിപ്പ് സിപിഐഎം അംഗത്വമെടുത്തില്ലെന്നും അദ്ദേഹത്തിന്റെ തിരിച്ചുവരവ് പാര്‍ട്ടിക്കും അണികള്‍ക്കും കൂടുതല്‍ ആവേശം പകരുമെന്നും എ കെ ആന്റണി പറഞ്ഞു.

Exit mobile version