
newsdesk
മുക്കം ; ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പുള്ളന്നൂരിൽ നാടിന്റെ ആവശ്യമായിരുന്ന പൊതു കളിസ്ഥലത്തിനു വേണ്ടി പൊതുപ്രവർത്തകരായ ഇയ്യക്കണ്ടി മുനീർ, മണ്ണപ്പടിക്കൽ ജലീൽ എന്നിവർ 40 സെന്റ് ഭൂമിയിൽ പൊതു കളിസ്ഥലമാക്കി സൗജന്യമായി പഞ്ചായത്തിന് വിട്ടു നൽകി മാതൃകയായി. പ്രസ്തുത ഭൂമിയുടെ രേഖകൾ ഇന്നലെ പുള്ളന്നൂർ ന്യൂ ജി എൽ പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ കുന്നമംഗലം നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് പി ടി എ റഹീം അവർകൾ ഏറ്റുവാങ്ങി.
ചടങ്ങിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് വിവിധ മത്സരങ്ങളിൽ ജേതാക്കളായ വിദ്യാർത്ഥികളെയും, ജനപ്രതിനിധികൾ, കുടുംബശ്രീ എഡിഎസ്, ഹരിത കർമ്മ സേന, ആശാവർക്കർമാർ, അംഗൻവാടി വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എം സുഷമ, ശ്രീമതി പുഷ്പ, ശ്രീമതി റീന മാണ്ടിക്കാവിൽ, സ്കൂൾ എച്ച് എം സാബിറ ടീച്ചർ, വാർഡ് വികസന സമിതി അംഗം രാജീവ് പണിക്കർ, മുൻ വാർഡ് മെമ്പർ ഇ പി എം കോയ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ വിപിഎ സിദ്ദീഖ് സ്വാഗതവും വാർഡ് വികസന സമിതി അംഗം അജയൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
