NEWSDESK
തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം വാരണാസിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ ചെരുപ്പ് പോലുള്ള വസ്തു എറിഞ്ഞതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് ചെരുപ്പാണെന്നും മൊബൈൽ ഫോൺ ആണെന്നും വാദമുണ്ട്. കാറിൻ്റെ ബോണറ്റിൽ നിന്നും സുരക്ഷാ ഉദ്യാഗസ്ഥൻ ഈ വസ്തു എടുത്തുമാറ്റുന്നത് വീഡിയോയിൽ കാണാം. ദശാശ്വമേധാ ഘട്ടിൽ നിന്ന് കെവി മന്ദിറിലേക്ക് പോകുന്ന വഴിയാണ് സംഭവം. ഇതേക്കുറിച്ച് ഔദ്യാഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
ഒരു മിനിറ്റ് 41 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ 19ാമത്തെ സെക്കൻഡിൽ മുദ്രാവാക്യങ്ങൾക്കിടെ “ചെരുപ്പ് എറിഞ്ഞു” (ചപ്പൽ ഫേങ്ക് കെ മാരാ) എന്ന് ഹിന്ദിയിൽ പറയുന്നത് കേൾക്കാനാകും. ഒരു വസ്തു കാറിൻ്റെ ബോണറ്റിൽ വീണ് സെക്കൻഡുകൾക്കുള്ളിൽ സുരക്ഷാ ഉദ്യാഗസ്ഥൻ ഇതെടുത്ത് പുറത്തേക്ക് എറിയുന്നത് വീഡിയോയിൽ ദൃശ്യമാണ്. പ്രധാനമന്ത്രിയുടെ വാഹനത്തിലേക്ക് മനപൂർവ്വം ആരും ഒന്നും എറിഞ്ഞതല്ലെന്നും അബദ്ധത്തിൽ മൊബൈൽ ഫോൺ കയ്യിൽനിന്ന് വീണതാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. ആദ്യമായിട്ടാണ് പ്രധാനമന്ത്രിയുടെ വാഹനത്തിനു നേരെ ഇത്തരത്തിലൊരു സംഭവം ഉണ്ടായത്. നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെയ്ക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിയുടെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായിട്ടാണ് മോദി വാരാണസിയിലെത്തിയത്. 2019ൽ 4.8 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് മോദി വാരാണസിയിൽ വിജയിച്ചത്. എന്നാൽ 2024ൽ വെറും 1,52,513 വോട്ടിൻ്റെ ഭൂരിപക്ഷം മാത്രമാണ് മോദിക്ക് ലഭിച്ചത്.