![](https://ctvonline.in/wp-content/uploads/2024/07/chaaliyaar-1024x593.jpg)
newsdesk
കനത്ത മഴയെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി ചാലിയാർ പുഴ നിറഞ്ഞ് ഒഴുകുകയായിരുന്നു. ഇന്ന് പുലർച്ചെ മുതൽ ഒരു വലിയ ദുരന്തത്തിൻ്റെ ശേഷിപ്പായി ചാലിയാർ പുഴ മാറി. മൂന്ന് വയസുകാരന്റെ ഉൾപ്പെടെ കയ്യും കാലും തലയും ഉൾപ്പെടെ വിവിധ ശരീരഭാഗങ്ങളില്ലാത്ത മൃതദേഹങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതോടെ ചാലിയാർ പുഴ കണ്ണീര്‍പ്പുഴയായി മാറി. പുലർച്ചെ നാലുമണിയോടെയാണ് വയനാട് മേപ്പടി മുണ്ടക്കൈ, ചൂരൽമലയിൽ ഉരുൾപൊട്ടൽ ഉണ്ടായത്.
നിരവധി പേർ ഉരുൾപൊട്ടലിൽ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു, മണ്ണിലും ചെളിയും അകപ്പെട്ടവരുടെ എണ്ണം ചെറുതല്ല. ദുരന്ത മേഖലയിൽ നിന്ന് കിലോ മീറ്ററുകൾ അകലെയാണ് ചാലിയാർ പുഴ. ഉരുൾപൊട്ടലിൽ മണ്ണും കല്ലും ചെളിയും കൂടികലർന്നെത്തിയ വെള്ളം പുഴയായി രൂപം കൊണ്ടു. ഈ പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങൾ ചാലിയാർ പുഴ തീരത്ത് വന്നെത്തുകയായിരന്നു. 20ഓളം മൃതദേഹങ്ങളാണ് ചാലിയാർ പുഴയിൽ നിന്ന് കണ്ടെത്തിയത്.
പുഴയിൽ കണ്ടെത്തിയ മൃതദേഹങ്ങൾക്ക് പുറമെ മുണ്ടേരി വനത്തിലും മൃതദേഹങ്ങളുണ്ടാകാമെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചാലിയാർ തീരത്ത് പരിശോധന നടത്തുന്നുണ്ട്. കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് ചാലിയാർ. 169 കിമി ആണ് ഇതിന്റെ നീളം. ചാലിയാർ കടലിനോട് അടുക്കുമ്പോൾ ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു. നിലമ്പൂർ, എടവണ്ണ, അരീക്കോട്, ചെറുവാടി, വാഴക്കാട്, മാവൂർ, ഫറോക്ക്, ബേപ്പൂർ എന്നിവയാണ് ചാലിയാറിന്റെ തീരത്തുള്ള പ്രധാനസ്ഥലങ്ങൾ.
ഇന്ന് പുലർച്ചെ മല ഉരുള്‍പൊട്ടി ഇരച്ചെത്തിയതോടെ മുണ്ടക്കൈ എന്ന ഗ്രാമത്തെ തന്നെ ഒന്നടങ്കം തുടച്ചുനീക്കി. ചൂരൽമല ഒരൊറ്റ നിമിഷം കൊണ്ട് ദുരന്തഭൂമിയായി. ഒരു സെക്കൻ്റ് പാഴാക്കാതെ രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെങ്കിലും ഏറെ ദുഷ്കരമാണ് കാര്യങ്ങള്‍. ഉരുൾപൊട്ടലിൽ പെട്ട കുറച്ച് പേരെ കണ്ടെത്താനായി, ചിലർ മണ്ണിനടയിൽപ്പെട്ടു. മറ്റു ചിലർ ഒഴുകി അയൽജില്ലയിലും എത്തി. ചിലരുടെ മൃതദേഹം ഉരുൾ ഒഴുകിയ വഴിയിലെ മരത്തിലും പൊന്തക്കാട്ടിലും തങ്ങിനിൽക്കുകയാണ്. കരമാർഗ്ഗമുള്ള രക്ഷാ പ്രവർത്തനം അവിടെ സാധ്യമല്ല. വയനാട്ടിലേയ്ക്കുള്ള പ്രധാന മാർഗമായ താമരശ്ശേരി ചുരം മണ്ണിടിഞ്ഞ് വഴിമുടങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തകർ പോലും നിസ്സഹായകരായി നിൽക്കേണ്ട അവസ്ഥയാണ്.