
Web Desk
സിക വൈറസ് ബാധിത മേഖലയായ ആനയറ, പാറശാല എന്നിവിടങ്ങളിൽ കേന്ദ്ര സംഘം സന്ദർശനം നടത്തി.ഗർഭണികളിലെ വൈറസ് ബാധ വേഗത്തിൽ കണ്ടെത്തണമെന്നും പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആക്ഷൻ പ്ലാൻ ഉടൻ തയ്യാറാക്കണമെന്നും കേന്ദ്ര സംഘം നിർദേശിച്ചു.
പനി രോഗലക്ഷണങ്ങളുമായി എത്തുന്നവരിൽ പരിശോധിക്കുന്ന മറ്റ് രോഗങ്ങളുടെ പട്ടികയിൽ സികയും ഉൾപ്പെടുത്തണമെന്നും കേന്ദ്ര സംഘം ആവശ്യപ്പെട്ടു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാല് സംഘങ്ങളായി തിരിഞ്ഞ് ആക്ഷൻ പ്ലാൻ തയ്യാറാക്കണം. എല്ലാ ആരോഗ്യപ്രവർത്തകർക്കും സിക വൈറസ് പരിശോധന, ചികിത്സാ മാർഗരേഖ എന്നിവ നൽകണം. കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിന് പരിഗണന നൽകണമെന്നും കേന്ദ്ര സംഘം അറിയിച്ചു.
സികയ്ക്ക് സമാന ലക്ഷണങ്ങൾ മറ്റ് ജില്ലകളിലുള്ളവരിലും കാണിച്ചിരുന്നതായും ആരോഗ്യവകുപ്പ് അധികൃതർ കേന്ദ്ര സംഘത്തെ അറിയിച്ചു. സിക സ്ഥിരീകരിച്ചതിനെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി എത്തിയ ആറംഗ കേന്ദ്ര സംഘം തലസ്ഥാനത്ത് തുടരുകയാണ്.
