
newsdesk
സംസ്ഥാനത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കമാകും. ജനങ്ങൾക്ക് ഈ മാസം 30 വരെ se.census.gov.in എന്ന പോർട്ടൽ വഴി വിവരങ്ങൾ സ്വയം രേഖപ്പെടുത്താനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യം ലഭ്യമാണ്. ഉദ്യോഗസ്ഥർ ഈ വിവരങ്ങൾ പരിശോധിച്ച് അന്തിമമാക്കുംസംസ്ഥാനത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കമാകും. ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും. ഈ മാസം 30 വരെ se.census. gov.in എന്ന പോർട്ടലിലൂടെ വിവരങ്ങൾ രേഖപ്പെടുത്താം. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപടികൾ പൂർത്തിയാക്കുക. ജനങ്ങൾ സ്വയം രേഖപ്പെടുത്തിയ വിവരങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാകും അന്തിമമാക്കുക. പ്രവാസി മലയാളികൾക്ക് സെൻസസ് ബാധകമാകില്ലെന്ന് ചീഫ് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ മിത്ര ടി ഐ എ എസ് വ്യക്തമാക്കിയിട്ടുണ്ട്.
സെൻസസ് നടപടികൾ എങ്ങനെ? സമ്പൂർണ വിവരം
2027 ലെ സെൻസസ് നടപടികൾക്കാണ് ഇന്ന് തുടക്കമാകുന്നത്. വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമാണ് ഇന്ന് മുതൽ ലഭ്യമാകുക. 15 വർഷത്തിന് ശേഷമാണ് രാജ്യത്ത് സെൻസസ് നടപ്പാക്കുന്നത്. 2011 ലാണ് അവസാന സെൻസസ് നടന്നത്. പത്ത് വർഷത്തിലൊരിക്കൽ നടക്കേണ്ടിയിരുന്ന സെൻസസ് 2021 ൽ കൊവിഡ് കാരണം നടന്നില്ല. ഇത്തവണ ആദ്യമായി ഡിജിറ്റൽ സെൻസസ് നടപ്പാക്കുകയാണ്. സർക്കാർ തയ്യാറാക്കിയിട്ടുള്ള പോർട്ടലിൽ ജനങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനാകും. രണ്ട് ഘട്ടമായി നടക്കുന്ന സെൻസസിൽ ആദ്യ ഘട്ടത്തിൽ വീട്ടുവിവരങ്ങളാണ് ശേഖരിക്കുക. ഇതിന്റെ ആദ്യ പടിയാണ് സെൽഫ് എന്യുമറേഷൻ. se.census.gov.in എന്ന പോർട്ടലിലാണ് സെൽഫ് എന്യുമറേഷൻ നടത്തേണ്ടത്. ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ പേര്, മൊബൈൽ നമ്പർ എന്നിവ നൽകി ആദ്യം പോർട്ടലിൽ രജിസ്റ്റർചെയ്യണം. ഒരു വീടിന് ഒരു മൊബൈൽ നമ്പറേ ഉപയോഗിക്കാൻ കഴിയു. അടുത്തതായി ഭാഷ സെലക്ട് ചെയ്യണം. തുടർന്ന് മൊബൈലിൽ വരുന്ന ഒ ടി പി എന്‍റർ ചെയ്യണം. ലോഗിൻ ആയ ശേഷം സ്ഥലവിവരങ്ങൾ നൽകണം. സംസ്ഥാനം, ജില്ല, വീടിന്റെ സ്ഥാനം എന്നിവ രേഖപ്പെടുത്തണം. തുടർന്ന് ഡിജിറ്റൽ മാപ്പിൽ സ്വന്തം വീടിന്റെ സ്ഥാനം അടയാളപ്പെടുത്തി നൽകണം. ലൊക്കേഷൻ സ്ഥിരീകരിച്ച ശേഷം സ്‌ക്രീനിൽ വരുന്ന ചോദ്യങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യാം.
ആദ്യഘട്ട സെൻസസിൽ ആകെ 33 ചോദ്യങ്ങളാണുള്ളത്. ഒരിക്കൽ വിവരങ്ങൾ സമർപ്പിച്ച് കഴിഞ്ഞാൽ പിന്നീട് മാറ്റാൻ സാധിക്കില്ല. അതുകൊണ്ട് ഏറെ ശ്രദ്ധയോടെ വേണം ഈ പ്രക്രിയ പൂർത്തീകരിക്കാൻ. വിവരങ്ങൾ സമർപ്പിച്ചശേഷം 11 അക്കങ്ങളുള്ള എസ് ഇ ഐ ഡി, എസ് എം എസ് വഴിയും ഇ-മെയിൽ വഴിയും ലഭിക്കും. എന്യൂമറേറ്റർ നേരിട്ട് വീട് സന്ദർശിക്കുമ്പോൾ ഈ നമ്പർ കൈമാറണം. കെട്ടിട നമ്പർ, സെൻസസ് വീട്ടു നമ്പർ, വീടിന്റെ ഉപയോഗം, കുടുംബ നമ്പർ തുടങ്ങിയ വിവരങ്ങൾ സെൽഫ് എന്യുമറേഷമിൽ നൽകേണ്ടതില്ല. ഇവ ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ചാണ് രേഖപ്പെടുത്തുക. തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ എന്യൂമറേറ്ററെ അറിയിക്കാനും അവസരമുണ്ടാകും. അടുത്ത മാസം 1 മുതലാണ് എന്യൂമറേറ്റർമാർ വീടുകളിൽ എത്തുന്നത്.
