Site icon CTV Online

സിദ്ധാർഥന്റെ മരണം സിബിഐയ്ക്ക് വിട്ടു; കുടുംബം മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെ ഉത്തരവിറക്കി

തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ കേസ് അന്വേഷണം സിബിഐയ്ക്കു വിട്ടു. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. കുടുംബത്തിന്റെ ആവശ്യപ്രകാരമാണു നടപടി. സിദ്ധാർഥന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫിസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർഥന്റെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു. അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാർഥന്റെ കുടുംബത്തെ അറിയിച്ചു.

കേസ് അന്വേഷണം സിബിഐക്ക് വിട്ട നടപടിയെ സിദ്ധാർഥന്റെ കുടുംബം സ്വാഗതം ചെയ്തു. നീതി കിട്ടുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശ് പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണു സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.

മകന്റെ മരണത്തിൽ ഒരുപാട് സംശയങ്ങളം തെളിവുകളുമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയെ സന്ദർശിച്ചതിനു പിന്നാലെ പിതാവ് ജയപ്രകാശ് മാധ്യമങ്ങളോടു പറഞ്ഞത്.

‘‘സിദ്ധാർഥനെ ക്രൂരമായി ഉപദ്രവിച്ചു. പോസ്റ്റ‌്മോർട്ടം റിപ്പോർട്ട് പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും. ഡോക്ടർമാരെ താൻ പോസ്‍റ്റ്‍മോർട്ടം റിപ്പോർട്ടു കാണിച്ചിരുന്നു. എഴുന്നേറ്റ് നിൽക്കാന്‍ കഴിയാത്ത ആൾ എങ്ങനെ തൂങ്ങിമരിക്കുമെന്നാണ് അവർ ചോദിച്ചത്. കുറേ വിവരങ്ങൾ ഡോക്ടർമാരിൽനിന്ന് കിട്ടി. അതെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞു. എന്താണ് ആവശ്യമെന്ന് മുഖ്യമന്ത്രി ചോദിച്ചു. സിബിഐ അന്വേഷണം വേണമെന്നു പറഞ്ഞു. മുഖ്യമന്ത്രി 5 മിനിട്ടോളം പരാതി വായിച്ചുനോക്കി. സിബിഐ അന്വേഷണം വേണമെങ്കിൽ ഉറപ്പായും സിബിഐ അന്വേഷണത്തിനു വിടാം എന്നു പറഞ്ഞു’’–ജയപ്രകാശ് പറഞ്ഞു.

സിദ്ധാർഥനു നേരിട്ട കാര്യങ്ങൾ മുഖ്യമന്ത്രിയോടു പറഞ്ഞതായും പൊലീസ് അന്വേഷണത്തെ സംബന്ധിച്ചു ചർച്ച ചെയ്തില്ലെന്നും ജയപ്രകാശ് പറഞ്ഞു.

‘‘‘എസ്എഫ്ഐയെക്കുറിച്ചു മുഖ്യമന്ത്രിയോടു പറഞ്ഞില്ല. സിദ്ധാർഥൻ മരിച്ചതല്ല, കൊന്നതാണെന്നു മുഖ്യമന്ത്രിയോട് പറഞ്ഞു. സിബിഐ അന്വേഷണം വരുമ്പോൾ ഡീനിനെക്കുറിച്ചും അസി.വാർഡനെക്കുറിച്ചും പറയും. അവർ മറച്ചുവച്ച കാര്യങ്ങളെക്കുറിച്ചു പറയും. അവരുടെ ഇടപെടൽ സംബന്ധിച്ച് തെളിവുകളുണ്ട്. ആന്റി റാങിങ് സെൽ റിപ്പോർട്ടിൽ ഒരു പുതിയ പ്രതി കൂടി ഉണ്ട്. അയാളുടെ പേര് പൊലീസ് റിപ്പോർട്ടിലില്ല. ആരൊക്കെയോ സമ്മർദം ചെലുത്തുന്നുണ്ട്. ഡീനിന് എതിരെയും അസി.വാർഡനെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണം. സർവീസിൽനിന്ന് മാറ്റി നിർത്തണം. മുൻപ് നടന്ന മരണങ്ങളും അന്വേഷിക്കണം.’’– സിദ്ധാർഥന്റെ പിതാവ് പറഞ്ഞു.

Exit mobile version