ഭക്ഷണശാലയിൽ പാലസ്‌തീൻ അനുകൂല പോസ്റ്റർ പതിച്ചു; കോഴിക്കോട് ആറ് ഫ്രെറ്റേണിറ്റി പ്രവർത്തകർക്കെതിരെ കേസ്

കോഴിക്കോട്: പാലസ്‌തീന് അനുകൂലമായ പോസ്റ്റർ ഭക്ഷണശാലയിൽ പതിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസ്. കോഴിക്കോട് ബീച്ചിൽ പ്രവർത്തിക്കുന്ന സ്റ്റാർ‌ബക്‌സ് ഔട്ട്‌ലെറ്റിലാണ് ഫ്രെറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകരായ ആറുപേർ പോസ്റ്റർ പതിച്ചത്. സംഭവത്തിൽ ഇവർക്കെതിരെ കോഴിക്കോട് ടൗൺ പൊലീസ് കേസെടുക്കുകയായിരുന്നു.

വിദ്യാർത്ഥികൾക്കെതിരെ കലാപാഹ്വാനത്തിനടക്കം വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ഫ്രെറ്റേണിറ്റി മൂവ്‌മെന്റ് സെക്രട്ടറിയെയും പ്രസിഡന്റിനെയും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊലീസ് നടപടിയിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.അതേസമയം പാലസ്തീനെ പിന്തുണച്ച് വാട്സാപ്പ് സ്റ്റാറ്റസിട്ട 20കാരനെ കുറച്ച് ദിവസം മുൻപ് കർണാടകയിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കർണാടകയിലെ വിജയനഗർ സ്വദേശി ആലം പാഷ എന്ന യുവാവാണ് പൊലീസിന്റെ പിടിയിലായത്. ഇസ്രായേൽ -ഹമാസ് സംഘർഷത്തിനിടെ വിജയനഗറിലെ ഹോസ്‌പേട്ടിൽ ചിലർ പാലസ്തീന് പിന്തുണ നൽകുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ക്രമസമാധാനം തകർക്കാൻ സാദ്ധ്യതയുള്ള ദേശവിരുദ്ധ വീഡിയോകൾ അവർ പ്രചരിപ്പിക്കുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വ്യക്തമാക്കി. ഇത്തരം വീഡിയോകൾ പ്രചരിക്കുന്നത് തടയാനാണ് മുൻകരുതൽ നടപടിയെന്നും പൊലീസ് പറഞ്ഞു. രാജ്യദ്രോഹപരമായ ഉള്ളടക്കം പ്രചരിപ്പിച്ചതിനടക്കമാണ് പാഷയ്‌ക്കെതിരെ കേസെടുത്തത്.

error: Content is protected !!