
Web Desk
കാസർഗോഡ് ബേക്കലിൽ തെരുവുനായ്ക്കളുടെ ഭീഷണി നേരിടാന്‍ തോക്കുമായി വിദ്യാർത്ഥികൾക്ക് അകമ്പടി യാത്ര നടത്തിയ രക്ഷിതാവിനെതിരെ കേസെടുത്ത് പൊലീസ്. ഹദ്ദാദ് നഗർ സ്വദേശി സമീറിനെതിരെ ബേക്കൽ പൊലീസാണ് സ്വമേധയ കേസെടുത്തത്. സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് കേസ്. വ്യാഴാഴ്ച രാവിലെയാണ് സമീർ എയർ ഗണ്ണുമായി കുട്ടികൾക്ക് സംരക്ഷണമൊരുക്കിയത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇയാൾക്കെതിരെ കേസെടുത്തത്. എന്നാൽ തന്റെ കൈവശമുണ്ടായിരുന്നത് വീട്ടിലെ ഷോകേസിൽ വയ്ക്കുന്ന എയർ ഗൺ ആണെന്നും ഇതുകൊണ്ട് വെടിവച്ചാൽ നായ ചാകില്ലെന്നും, കുട്ടികളെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് തോക്കെടുത്തതെന്നും സമീർ പറഞ്ഞു. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ വിഡിയോ ആയിരുന്നു തോക്കുമായി കുട്ടികളെ മദ്രസയിൽ കൊണ്ടുപോകുന്ന രക്ഷകർത്താവിന്റെ വിഡിയോ. നാഷ്ണൽ യൂത്ത് ലീഗിന്റെ ഉദുമാ മംഗലം പ്രസിഡന്റ് കൂടിയായ സമീർ ആണ് തോക്കുമായി മുന്നിൽ നടന്ന് കുട്ടികളെ നയിച്ചത്. തെരുവ് നായകളെ പേടിച്ച് മദ്രസയിൽ പോകാൻ കൂട്ടാക്കാതിരുന്ന കുട്ടികളെ താൻ ഒപ്പം വരാമെന്ന് പറഞ്ഞ് ധൈര്യം നൽകിയാണ് മദ്രയിൽ കൊണ്ടുപോയതെന്നും ഈ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായതെന്നും സമീർ പറഞ്ഞു.
