Site icon CTV Online

മണാശ്ശേരിയിൽ വിദ്യാർത്ഥിനികൾ അപകടകരമായി സ്കൂട്ടർ ഓടിച്ച സംഭവം; വാഹനം പോലീസ് പിടിച്ചെടുത്തു, വിദ്യാർഥിനിക്കെതിരെ കേസ്

WebDesk

മുക്കം: മണാശേരിയിൽ അപകടകരമായി സ്കൂട്ടർ ഓടിച്ച വിദ്യാർഥിനിയുടെ വാഹനം മുക്കം പൊലിസ് പിടിച്ചെടുത്തു. ബൈക്ക് ഓടിച്ചിരുന്ന വിദ്യാർഥിനിക്ക് ലൈസൻസില്ലെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ മുക്കം പൊലിസും മോട്ടോർ വാഹന വകുപ്പും കേസെടുത്തു. വാഹനം ഓടിച്ചിരുന്ന വിദ്യാർഥിനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും ലൈസൻസ് ഇല്ലാത്തതിനുമാണ് കേസെടുത്തതെന്നും പൊലിസ് വ്യക്തമാക്കി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലിസ് സംഭവത്തിൽ അന്വേഷണം നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11.44 ഓടെ മണാശേരി ജങ്ഷനിലായിരുന്നു സംഭവം. മുക്കത്തു നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിന് മുന്നിലൂടെ മുത്താലം ഭാഗത്തു നിന്ന് സ്കൂട്ടർ അശ്രദ്ധയോടെ റോഡ് മുറിച്ചു കടക്കുകയായിരുന്നു. അതിവേഗമെത്തിയ സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടതിനാൽ വിദ്യാർഥിനികൾ തലനാഴിരയ്ക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. മൂന്നു വിദ്യാർഥിനികളാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്. ഇവരിൽ ആരും ഹെൽമറ്റ് ധരിക്കുക പോലും ചെയ്തില്ല. ബാലന്‍സ് തെറ്റിയെങ്കിലും സ്കൂട്ടറുമായി ഒന്നും നടക്കാത്ത മട്ടില്‍ വിദ്യാർഥികൾ ഓടിച്ചു പോവുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ ചർച്ചയാവുകയും തുടർന്ന് പൊലിസ് സ്വമേധയാ കേസെടുക്കുകയും ചെയ്യുകയായിരുന്നു.

Exit mobile version