പഴംപറമ്പിൽ കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; കൂടരഞ്ഞി സ്വദേശിയായ ഡ്രൈവറെ മുക്കം അഗ്നിരക്ഷസേന രക്ഷപ്പെടുത്തിയത് അതിസാഹസികമായി

newsdesk

മുക്കം: കൊടിയത്തൂർ പഞ്ചായത്തിന്റേയും കീഴുപറമ്പ് പഞ്ചായത്തിന്റെയും അതിർത്തിയായ പഴം പറമ്പിൽ കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു . കാർ യാത്രക്കാരനെ മുക്കം അഗ്നിരക്ഷസേന സാഹസികമായി രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാത്രി പത്തര മണിയോടുകൂടിയായിരുന്നു സംഭവം.

കൊണ്ടോട്ടിയിൽ നിന്ന് കുടരഞ്ഞിയിലെക്ക് പഴംപറമ്പ് വഴി പോവുന്ന കാറാണ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ചത് . ഉടൻ തന്നെ പ്രദേശവാസികൾ ഓടിയെത്തി കാറിലുള്ള യാത്രക്കാരനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ദൗത്യം പരാജയപ്പെട്ടു. കാറിന്റെ ഡ്രൈവർ ഇരിക്കുന്ന ഭാഗം തുറക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. ഉടൻ തന്നെ മുക്കം അഗ്നിരക്ഷസേന ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതേതുടർന്ന് സ്റ്റേഷന് ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.

കാറിന്റെ പിൻവശത്ത് കയർ കുടുക്കിയ ശേഷം എല്ലാവരും ചേർന്ന് മുകളിലേക്ക് വലിച്ചു കയറ്റിയാണ് കൂടരഞ്ഞി സ്വദേശിയായ ഡ്രൈവർ ഷംസീറിനെ ഒരു പരിക്കുമില്ലാതെ രക്ഷപ്പെടുത്തിയത്. എന്നാൽ കാർ കൊക്കയിലേക്ക് മറിഞ്ഞശേഷം ഒരു കല്ലിൽ തടഞ്ഞു നിൽക്കുകയായിരുന്നു ഇല്ലെങ്കിൽ കാർ 40 മുതൽ 100 അടി വരെ താഴ്ചയിലേക്ക് എത്തുമായിരുന്നു, കല്ലിൽ തടഞ്ഞു കാർ നിന്നത് വലിയ അപകടം ഒഴിവാക്കി എന്ന് മുക്കം അഗ്നിരക്ഷ ഓഫീസർ എം അബ്ദുൽ ഗഫൂർ പറഞ്ഞു. സീനിയർ ഫയർ ഓഫീസർ കെ നാസർ സേനാംഗങ്ങളായ കെ സി അബ്ദുൽ സലിം, എം സുജിത്ത്, കെ ശിംജു, കെ പി അമീറുദ്ദീൻ,വി സലിം ,കെ.ടി സ്വാലിഹ്, ഇ അഭിലാഷ്, ടിപി ഫാസിൽ അലി, വി.എം മിഥുൻ, ടി രവീന്ദ്രൻ, ജോളി ഫിലിപ്പ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

error: Content is protected !!